ഉപ്പു നൽകി കുഞ്ഞു മരിച്ച കേസിൽ മാതാവ് അറസ്റ്റിൽ
Thursday, August 4, 2016 7:09 AM IST
സൗത്ത് കരോളിന: ഒരു ടീസ് പൂൺ ഉപ്പു നൽകിയതിനെത്തുടർന്നു കുഞ്ഞു മരിച്ച കേസിൽ മാതാവ് അറസ്റ്റിൽ. പതിനേഴു മാസം പ്രായമുളള പെൺകുഞ്ഞാണ് മരിച്ചത്. കേസിൽ ഇരുപത്തിമൂന്നുകാരിയായ മാതാവ് കിംബർലി മാർട്ടിനസിനെ പോലീസ് അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കി.

ജൂലൈ 31നായിരുന്നു സംഭവം. അമിതമായ അളവിൽ ഉപ്പു ശരീരത്തിലെത്തിയതിനെത്തുടർന്നു അബോധവസ്‌ഥയിലായ കുട്ടിയെ സ്പാർട്ടൻ ബർഗ് മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. ലൈഫ് സപ്പോർട്ടിൽ കഴിഞ്ഞിരുന്ന കുഞ്ഞിന്റെ മരണം ഓഗസ്റ്റ് മൂന്നിനാണ് സ്‌ഥിരീകരിച്ചത്.

സോഡിയം ശരീരത്തിന് ആവശ്യമാണെങ്കിലും അമിതമാകുന്നത് വിഷാംശമായി മാറിയതാണു മരണകാരണമെന്നു ആശുപത്രി അധികൃതർ പറഞ്ഞു.

കപ്പലപകടത്തിൽപ്പെട്ട മനുഷ്യൻ ഉപ്പു കലർന്ന സമുദ്ര ജലം കുടിച്ചതിനെ തുടർന്നു മരിച്ചതും പഞ്ചസാരയാണെന്നു കരുതി കുട്ടികൾക്കു ഉപ്പു നൽകിയതിനെത്തുടർന്നു മരിച്ച സംഭവവും നേരത്തെ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ടെന്നു നാഷണൽ കാപിറ്റൽ പോയ്സൺ സെന്റർ അറിയിച്ചു.

നോർത്ത് കരോളിന അതിർത്തി ഗ്രാമമായ ഫിംഗർ വില്ലയിൽ മൂന്നു കുട്ടികളോടൊപ്പമാണ് മാതാവ് കിംബർലി കഴിഞ്ഞിരുന്നത്. കോടതിയിൽ ഹാജരാക്കിയ മാതാവിനു ജാമ്യം അനുവദിക്കാതെ കൗണ്ടി ജയിലിലടച്ചു. രണ്ടു കുട്ടികളെ സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റ് ഓഫ് സോഷ്യൽ സർവീസിന്റെ കസ്റ്റഡിയിൽ വിട്ടു.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ