ദുബായ് വിമാനാപകടം: രക്ഷാപ്രവർത്തനത്തിനിടെ ഒരാൾ മരിച്ചു
Wednesday, August 3, 2016 9:31 PM IST
ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എമിറേറ്റ്സ് വിമാനം ലാന്റ് ചെയ്യുന്നതിനിടെയുണ്്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നതിനിടെ ഒരാൾ മരിച്ചു. അഗ്നിശമന സേനാ ഉദ്യോഗസ്‌ഥനായ ജാസിം എന്ന യുഎഇ പൗരനാണ് മരിച്ചത്. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

തിരുവനന്തപുരം–ദുബായ് എമിറേറ്റ്സ് ഇകെ–521 വിമാനമാണ് അപകടത്തിൽപെട്ടത്. വിമാനം മുഴുവനായി കത്തിയമർന്നു. യാത്രക്കാർ സുരക്ഷ വാതിലിലൂടെ പുറത്തുകടന്ന് രക്ഷപ്പെടുകയായിരുന്നു. ലാൻഡിംഗിനിടെ വിമാനത്തിന്റെ എൻജിനിൽ നിന്നു തീ പടരുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അപകടത്തെ തുടർന്ന് വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിലെ റൺവേ അടച്ചിരിക്കുകയാണ്.

യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 282 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്ത്യൻ സമയം 2.30നായിരുന്നു സംഭവം. ആദ്യം ലാൻഡ് ചെയ്ത വിമാനം വീണ്ടും പറന്നുയർന്നപ്പോഴാണ് തീപിടുത്തമുണ്ടായത്. ഇതേത്തുടർന്ന് അടിയന്തിരമായി വിമാനം താഴെയിറക്കുകയായിരുന്നു.