സംസ്‌ഥാന താത്പര്യങ്ങളെ ഹനിക്കുന്നത് പിണറായി സർക്കാരിനാപത്ത്: പി.ടി. തോമസ് എംഎൽഎ
Wednesday, August 3, 2016 8:30 AM IST
ഡാളസ്: മുല്ലപ്പെരിയാർ ഡാം, സാന്റിയാഗോ മാർട്ടിൻ കേസ് തുടങ്ങിയ വിഷയങ്ങളിൽ സംസ്‌ഥാന താത്പര്യങ്ങളെ ഹനിക്കുന്ന നിലപാടുകൾ സ്വീകരിക്കുന്നതു പിണറായി സർക്കാരിനാപത്താണെന്നു തൃക്കാക്കര എംഎൽഎ പി.ടി. തോമസ്. ഐഎൻഒസി കേരള ചാപ്റ്റർ ഡാളസ് ഫോർട്ട്വർത്ത് യൂണിറ്റ് ഓഗസ്റ്റ് ഒന്നിനു ഗാർലന്റ് ഇന്ത്യ ഗാർഡൻസ് റസ്റ്ററന്റിൽ സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മുല്ലപ്പെരിയാർ ഡാം ഏതു നിമിഷവും തകരുമെന്നു വിധിയെഴുതി ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ മനുഷ്യ ചങ്ങല തീർത്ത് പ്രതിഷേധ സമരത്തിനു നേതൃത്വം നൽകിയ പിണറായി, കേരള മുഖ്യമന്ത്രിയായി സത്യ പ്രതിജ്‌ഞ ചെയ്തു നടത്തിയ ആദ്യ പ്രസ്താവനയിൽ ഡാമിനെക്കുറിച്ചുളള അഭിപ്രായം തിരുത്തി പറഞ്ഞതും ലോട്ടറി മാഫിയ സാന്റിയാഗൊ മാർട്ടിൻ കേരളത്തിലെ സാധാരണക്കാരന്റെ 60,000 കോടി രൂപ തട്ടിപ്പിലൂടെ കൈവശപ്പെടുത്തിയ കേസിൽ മാർട്ടിന്റെ വസ്തുവകകൾ കണ്ടുകെട്ടാൻ കോടതി ഉത്തരവിട്ടപ്പോൾ അതിനെതിരെ കോടതിയിൽ ഹാജരായി സ്റ്റേ വാങ്ങിക്കൊടുത്ത ദാമോദരൻ വക്കീലിനെ സർക്കാരിന്റെ നിയമോപദേഷ്‌ടവായി നിയമിക്കാൻ സ്വീകരിച്ച നടപടികളും കേരളത്തിലെ പാർട്ടി പ്രവർത്തകരേയും സാധാരണക്കാരേയും വഞ്ചിക്കുന്നതിനു തുല്യമാണ്. പിണറായി സർക്കാർ സ്പോൺസേർഡ് അക്രമങ്ങളും അതിനു പ്രേരണ നൽകും വിധം നേതാക്കൾ നടത്തുന്ന പരസ്യ പ്രസ്താവനകളും കേരളത്തിന്റെ സമാധാനാന്തരീക്ഷം തകർക്കുമെന്നും പി.ടി. പറഞ്ഞു.

കോൺഗ്രസ് പാർട്ടി ദുർബലമാകുന്നു എന്ന പ്രചരിപ്പിക്കുന്നവർക്കു തെറ്റു പറ്റിയെന്നു സമ്മതിക്കുന്ന സമയം അതിവിദൂരമല്ലെന്നും ഇന്ത്യയുടെ മതേതരത്വത്തിനും ജനാധിപത്യത്തിനും എതിരെ ബിജെപി ഉയർത്തുന്ന വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്നതിനും വ്യക്‌തികളുടേയും സമൂഹത്തിന്റേയും സ്വാതന്ത്ര്യം അംഗീകരിക്കുന്നതിനും പ്രതിജ്‌ഞാ ബദ്ധമായിട്ടുളള ഇന്ത്യയിലെ ഏക പാർട്ടി കോൺഗ്രസ് ആണെന്നും കോൺഗ്രസിനെ ശക്‌തിപ്പെടുത്തുന്ന പ്രക്രിയകളിൽ ഭാഗഭാക്കുകളാകണമെന്നും പി.ടി. തോമസ് അഭ്യർഥിച്ചു.

ഇടുക്കി ലോക സഭാംഗം എന്ന നിലയിൽ അമേരിക്ക സന്ദർശിക്കുന്നതിനുളള നിരവധി അവസരം ലഭിച്ചിട്ടും പ്രയോജനപ്പെടുത്താതിരുന്നത് പാർലമെന്റിൽ നൂറു ശതമാനം ഹാജർ വേണമെന്നു ആഗ്രഹം നിറവേറ്റപ്പെടണമെന്ന നിർബന്ധബുദ്ധി ഉണ്ടായിരുന്നതുകൊണ്ടാണ്. ആദ്യമായി അമേരിക്കയിലെത്തിയപ്പോൾ ഡാളസിലെ പ്രവർത്തകരേയും സ്നേഹിതരേയും കണ്ടുമുട്ടുന്നതിനു അവസരം ഒരുക്കിയ യൂണിറ്റ് ഭാരവാഹികളെ എംഎൽഎ പ്രത്യേകം അഭിനന്ദിച്ചു.

യൂണിറ്റ് പ്രസിഡന്റ് രാജൻ മാത്യു അധ്യക്ഷത വഹിച്ചു. റീജൺ പ്രസിഡന്റ് ബോബൻ കൊടുവത്ത് മുഖ്യാതിഥിയായിരുന്നു.

ഐഎൻഒസി–ഐ ടെക്സസ് സംസ്‌ഥാന സെക്രട്ടറി പി.പി. ചെറിയാൻ, വർഗീസ് പുതുകുളങ്ങര തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്നു നടന്ന ചർച്ചകളിൽ ജോയ് ആന്റണി, ജെ.പി. ജോൺ, അനുപമ സാം, ഫ്രിക്സ്മോൻ മൈക്കിൾ, ബിജു പി. മാത്യു, സേവ്യർ, രാജൻ മേപ്പുറം, അലക്സ് അലക്സാണ്ടർ എന്നിവർ പങ്കെടുത്തു.