‘ഡീയർ കലാം സാർ’ പ്രസിദ്ധീകരിക്കുന്നു
Wednesday, August 3, 2016 2:36 AM IST
ഷിക്കാഗോ: ‘ഡീയർ കലാം സാർ’ രാഷ്ര്‌ടം മുഴുവൻ ഹൃദയത്തിൽ ഏറ്റിയ മലയാളി സംരംഭം അടുത്ത ആഴ്ച്ച ഉപരാഷ്ര്‌ടപതി രാഷ്ട്രത്തിനു സമർപ്പിക്കും. മലയാളികൾക്ക് അഭിമാനമായികൊണ്ട് രണ്ടു മലയാളി യുവാക്കൾ ചേർന്ന് ആരംഭിച്ച ‘ഡിയർ കലാം സാർ’ എന്ന പോസ്റ്റ് കാർഡ് യജ്‌ഞം ഭാരതത്തിന്റെ വിവിധ കോണുകളിൽ നിന്നു പോലും അതിശയകരമായ രീതിയിലുള്ള പിന്തുണയോടെ പുസ്തക രൂപത്തിൽ പുറത്തിറങ്ങുന്നു. അടുത്ത ആഴ്ച്ച ഉപരാഷ്ര്‌ടപതി മുഹമ്മദ് ഹമീദ് അൻസാരി ആണ് ഡൽഹിയിൽ രാഷ്ര്‌ടത്തിന് സമർപ്പിക്കുന്നത്. പതിനായിരത്തിലധികം പേരുടെ കൈയക്ഷരത്തോടെ 200 നഗരങ്ങളിൽ നിന്ന് ഒമ്പതു ഭാഷകളിലുള്ള എഴുത്തുകളും. ശശിതരൂരിന്റെ ആമുഖവും എൻ.ആർ നാരായണമൂർത്തിയുടെ അവതാരികയും, ഒരു ലക്ഷത്തിൽപരം സൃഷ്‌ടികളിൽ നിന്നും തെരഞ്ഞെടുത്ത 350 ഓളം രചനകളും സമന്വയിപ്പിച്ച പുസ്തകം മലയാളി സമൂഹത്തിന് അഭിമാനിക്കാവുന്ന ചരിത്രമാവുകയാണ്. കോട്ടയം ഉഴവൂർ കൈപ്പിങ്കിൽ സജിയും കോട്ടയം കാരിത്താസ് ഇടയാടിൽ ജൂബിയും ചേർന്ന് രൂപം കൊടുത്ത ലെറ്റർഫാം എന്ന എൻജിഒയാണ് ഈ സംരഭത്തിന് പിന്നിൽ.

കലാമിന്റെ ജന്മദിനമായ ഒക്ടോബർ 15–നു അദ്ദേഹത്തിന്റെ ഓർമ്മ പുതുക്കിയും ആദരവായും കൈകൊണ്ടെഴുതിയ പോസ്റ്റ് കാർഡുകൾ തയ്യാറാക്കുകയെന്ന യജ്‌ഞം തുടങ്ങികൊണ്ടായിരുന്നു ഡിയർ കലാം സർ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. ഈ പദ്ധതിയുടെ ഉപജ്‌ഞാതാക്കളിൽ ഒരാളായ സജി മാത്യു കൈപ്പിങ്കിൽ കോട്ടയം ഉഴവൂർ സ്വദേശിയാണ്. സജി കഴിഞ്ഞ 20 വർഷങ്ങളായി ടെലിവിഷൻ പ്രൊഡക്ഷനിൽ ജോലി ചെയ്യുന്നു. സ്റ്റാർ പ്ലസിലെ അവാർഡ് നേടിയ പരിപാടിയായ ‘ഫാമിലി ഫോഡ്’ എന്ന പരിപാടിയുടെ നിർമ്മാതാവും നോർത്ത് ഇന്ത്യയിലെ പ്രസിദ്ധമായ ഈ ടീവി യുടെ പ്രസിദ്ധീകരണത്തിൽ മുഖ്യ പങ്കു വഹിച്ച ആൾ കൂടിയായിരുന്നു . ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദമെടുത്ത സജി ഇപ്പോൾ അമേരിക്കയിലെ ലോസാഞ്ചലസിൽ ഭാര്യ ജൂലിയും മക്കളായ രോഹനും നിത്യനും ഒപ്പം താമസിക്കുന്നു. പദ്ധതിയുടെ മറ്റൊരു ഉപജ്‌ഞാതാവായ ജൂബി ജോൺ ഇടയാടിൽ കാരിത്താസ് സ്വദേശിയാണ്. മാനെജ്മെന്റ് കണ്സൽട്ടന്റായി കഴിഞ്ഞ 15 വർഷങ്ങളായി പ്രവർത്തിക്കുന്ന ജൂബി രാജസ്‌ഥാനിലെ ജോധ്പൂരിൽ വളർന്ന്, ഇപ്പോൾ ഭാര്യ ഡോ. ജീനുവിനും മകൾ ലില്ലികുട്ടിക്കും ഒപ്പം കൊച്ചിയിൽ താമസസിക്കുന്നു. അനിൽ മറ്റത്തിക്കുന്നേൽ അറിയിച്ചതാണിത്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം