സ്വന്തം മകനെ മറന്ന് പോക്കിമോന്റെ പിന്നാലെപോയി; ദമ്പതികളെ പോലീസ് പിടികൂടി
Tuesday, August 2, 2016 11:11 PM IST
അരിസോണ: രണ്ടു വയസുമാത്രം പ്രായമുള്ള മകനെ വീട്ടിൽ തനിച്ചാക്കി പോക്കിമോൻ ഗോ കളിക്കാൻ നാടുചുറ്റി നടന്ന അപ്പനേയും അമ്മയേയും പോലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലെ അരിസോണ സാൻ ടാൻ വാലിയിലാണ് സംഭവം. ബ്രെന്റ് ഡാലി (27), ബ്രൈനി ഡാലി (25) എന്നിവരാണ് അറസ്റ്റിലായത്. ഒന്നരമണിക്കൂറാണ് ചൂട് കാലാവസ്‌ഥയിൽ വെള്ളംപോലും കുടിക്കാനില്ലാതെ വീട്ടിൽ ഒറ്റയ്ക്ക് പിഞ്ചുകുഞ്ഞിന് കഴിയേണ്ടിവന്നത്.

അയൽക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് വീട്ടിലെത്തിയാണ് കുഞ്ഞിനെ രക്ഷിച്ചത്. കുട്ടിയെ ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് അയൽക്കാർ വിവരം പോലീസിൽ അറിയിക്കുന്നത്. പോലീസ് എത്തുമ്പോൾ കുട്ടി വീട്ടിലേക്ക് കയറാനാവാതെ കരയുന്നതാണ് കാണുന്നത്. ശരീരമെല്ലാം അഴുക്ക് നിറഞ്ഞ് നഗ്നപാദനായാണ് കുട്ടിയെ പോലീസ് കണ്ടെത്തിയത്. പിന്നീട് പോലീസ് ഫോണിൽ മാതാപിതാക്കളെ ബന്ധപ്പെട്ടാണ് ഇവരെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്.

ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ഗെയിമാണ്പോക്കിമോൻ. സാധാരണ ഗെയിമുകളിൽ നിന്ന് വ്യത്യസ്തമായി പോക്കിമോൻ ഗോ റിയാലിറ്റി ലോകം മൊബൈലിലേക്ക് കൊണ്ടുവന്നു. ഇതാണ് പോക്കിമോനെ മുതിർന്നവർക്കിടയിൽ പോലും ഹിറ്റാക്കിയത്.

ജിപിഎസ് സംവിധാനമുള്ള സ്മാർട്ട് ഫോൺ ഉപയോക്‌താക്കൾക്ക് മാത്രമേ ഈ ഗെയിം കളിക്കാനാകൂ. ഫോൺ കാമറ ഉപയോഗിച്ച് അതിലൂടെ കാണുന്ന സ്‌ഥലങ്ങളിൽ ഗെയിം നടക്കുന്നതായി അനുഭവപ്പെടും. നമുക്ക് മുന്നിലുള്ള സ്‌ഥലത്താണ് പോക്കിമോൻ ഗെയിം നടക്കുന്നതെന്ന് സ്മാർട്ട്ഫോൺ സ്ക്രീനിൽ നോക്കുമ്പോൾ തോന്നും. കളിക്കുന്ന സ്‌ഥലത്തിനും കാലാവസ്‌ഥയ്ക്കും അനുസരിച്ച് വരെ പോക്കിമോൻ കഥാപാത്രങ്ങൾ മാറും. സ്ക്രീനിൽ കാണുന്ന പോക്കിമോനെ തേടിയുള്ള യാത്രയാണ് ഗെയിം.