ട്രിനിറ്റി മാർത്തോമ ഇടവകയുടെ വിബിഎസ് സമാപിച്ചു
Tuesday, August 2, 2016 6:30 AM IST
ഹൂസ്റ്റൺ: ട്രിനിറ്റി മാർത്തോമ ഇടവക സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തി വന്ന വെക്കേഷൻ ബൈബിൾ സ്കൂൾ സമാപിച്ചു.

ജൂലൈ 28നു രാവിലെ മുതൽ ആരംഭിച്ച വിബിഎസിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി നിരവധി പരിപാടികൾ ഒരുക്കിയിരുന്നു.

249 കുട്ടികൾ രജിസ്റ്റർ ചെയ്ത് വിബിഎസിൽ 41 അധ്യാപകരും 22 വോളന്റിയേഴ്സിനും ഒപ്പം ഇടവകയിലെ നൂറു കണക്കിനു മുതിർന്നവരും ഒത്തു ചേർന്നപ്പോൾ മൂന്നു ദിവസം ട്രിനിറ്റി മാർത്തോമ ദേവാലയത്തിന് ഉത്സവ പ്രതീതിയായിരുന്നു.

ശ്രുതിമനോഹരമായ പാട്ടുകൾ, ക്രാഫ്റ്റുകൾ, ബൈബിൾ കഥകൾ, വിനോദ പരിപാടികൾ, ആക്ഷൻ പാട്ടുകൾ എന്നിവയാൽ സന്തോഷഭരിതമായിരുന്നു വിബിഎസ്. അർഥവത്തായ രീതിയിൽ വേദപുസ്തക പഠന ക്ലാസുകളും വിബിഎസിന്റെ ഭാഗമായിരുന്നു.

30നു വൈകുന്നേരം നാലിനു നടന്ന സമാപന സമ്മേളനത്തിൽ വിബിഎസിൽ സംബന്ധിച്ച എല്ലാ കുട്ടികളും അധ്യാപകരും വോളന്റിയേഴ്സും പങ്കെടുത്ത സമർപ്പണ ശുശ്രൂഷയിൽ തങ്ങൾ വിബിഎസിൽ കൂടി ദർശിച്ച യേശു ക്രിസ്തുവിനെ സ്വന്ത രക്ഷിതാവും കർത്താവുമായി പുനഃപ്രതിഷ്ഠിച്ചപ്പോൾ ഈ വർഷത്തെ വേദാധ്യായന സ്കൂൾ അർഥപൂർണമായി.

മൂന്നു ദിവസവും ദേവാലയത്തിൽ എത്തിച്ചേർന്ന മാതാപിതാക്കളും മുതിർന്നവരും തങ്ങളുടെ ഗൃഹാതുരത ചിന്തകളെ തൊട്ടുണർത്തി കേരളീയ ഭക്ഷണ വിഭവങ്ങളുടെ കലവറ ഒരുക്കിക്കൊണ്ടാണു വിബിഎസിനു തങ്ങളുടെ പിന്തുണ അറിയിച്ചത്. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും കൊണ്ടു സമ്പന്നമായിരുന്നു വിബിഎസ് ദിനങ്ങൾ. മുതിർന്നവർക്കായി പ്രത്യേക സെഷനും സംഘടിപ്പിച്ചു.

വിബിഎസിന്റെ വിജയകരമായ നടത്തിപ്പിനു റവ. മാത്യൂസ് ഫിലിപ്പ് (വികാരി) റവ. ഫിലിപ്പ് ഫിലിപ്പ് (അസി. വികാരി), ഷൈനി ജോർജ് (കോ–ഓർഡിനേറ്റർ) അനിൽ വർഗീസ് (സൺഡേ സ്കൂൾ സൂപ്രണ്ട്), ഷിബി സഖറിയ (അസി. സൂപ്രണ്ട്) തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു.

<ആ>റിപ്പോർട്ട്: ജീമോൻ റാന്നി