ഇന്ത്യക്കാർക്ക് എല്ലാവിധ സഹായവും നൽകുമെന്ന് സൗദി ഉറപ്പ് നൽകി: വിദേശകാര്യ സഹമന്ത്രി
Tuesday, August 2, 2016 12:12 AM IST
റിയാദ്: രാജ്യത്ത് കുടുങ്ങിയ ഇന്ത്യക്കാർക്ക് എല്ലാവിധ സഹായവും നൽകുമെന്ന് സൗദി അറേബ്യൻ സർക്കാർ ഉറപ്പു നൽകിയതായി വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബർ. സൗദി സ്‌ഥാനപതി ഡോ. സൗദ് ബിൻ മുഹമ്മദ് അൽ സതിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൂടിക്കാഴ്ച വളരെ ഫലപ്രദമായിരുന്നു. ഇന്ത്യയിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ സൗകര്യം ചെയ്യാമെന്നും സൗദി വാഗ്ദാനം ചെയ്തായും വിദേശകാര്യ സഹമന്ത്രി അറിയിച്ചു.

ഇന്ത്യക്കാരുടെ ശമ്പള കുടിശിഖ ലഭിക്കണം, നാട്ടിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ സൗകര്യം ചെയ്യുക തുടങ്ങിയ കാര്യങ്ങളാണ് ഇന്ത്യ ഉന്നയിച്ചത്. ആയിരക്കണക്കിന് ഇന്ത്യക്കാരാണു ജോലി നഷ്‌ടപ്പെട്ടതിനെത്തുടർന്ന് സൗദി അറേബ്യയിൽ കുടുങ്ങിയിരിക്കുന്നത്. ഇവരെ തിരികെ ഇന്ത്യയിലെത്തിക്കാൻ വിദേശകാര്യ മന്ത്രാലയം ശ്രമിച്ചുവരികയാണ്.