സൗദിയിൽ കുടുങ്ങിയ മലയാളികൾക്ക് നാട്ടിലേക്കു മടങ്ങാൻ അടിയന്തര സഹായം
Monday, August 1, 2016 9:45 PM IST
തിരുവനന്തപുരം: തൊഴിൽ നഷ്‌ടപ്പെട്ട് സൗദി അറേബ്യയിലെ വിവിധ ക്യാമ്പുകളിൽ കഴിയുന്ന മലയാളികൾക്ക് നാട്ടിലേക്ക് മടങ്ങാനും ശമ്പള കുടിശിക ലഭ്യമാക്കാനും ആവശ്യമായ പ്രാഥമിക നടപടികൾ നോർക്കവകുപ്പ് സ്വീകരിച്ചു. മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് ഇന്ത്യാക്കാർ സൗദിയിൽ കഷ്‌ടപ്പെടുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് അടിയന്തരമായി സഹായം ലഭ്യമാക്കാൻ നോർക്ക റൂട്ട്സിന് നൽകിയ നിർദ്ദേശത്തിന്റെ അടിസ്‌ഥാനത്തിലാണിത്. തൊഴിൽ രഹിതരെ താമസിപ്പിച്ചിട്ടുള്ള ക്യാമ്പുകളിലെ അടിസ്‌ഥാന സൗകര്യം ഉറപ്പാക്കാൻ സൗദിയിലെ ഇന്ത്യൻ എംബസി, മലയാളി സംഘടനകൾ എന്നിവരുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കാൻ നോർക്ക വകുപ്പ്, ന്യൂഡൽഹി റസിഡൻസ് കമ്മീഷണർ, ബന്ധപ്പെട്ട ഉദ്യോഗസ്‌ഥർ എന്നിവർക്ക് നിർദ്ദേശം നൽകിയിട്ടുണ്്ടെന്നും മുഖ്യമന്ത്രി പത്രക്കുറിപ്പിൽ അറിയിച്ചു.

നാട്ടിലേക്ക് മടങ്ങാൻ താല്പര്യമുള്ളവർക്ക് അതിന് ആവശ്യമായ സഹായം നൽകുമെന്ന് വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയയം, സൗദി അറേബ്യയിലെ ക്യാമ്പുകളിൽ കഴിയുന്ന വ്യക്‌തികൾ, ക്യാമ്പ് സന്ദർശിച്ച മലയാളി അസോസിയേഷൻ പ്രതിനിധികൾ എന്നിവരുമായി നോർക്ക വകുപ്പ് സെക്രട്ടറി ഫോണിൽ ബന്ധപ്പെട്ടിരുന്നു. നാല് ദിവസത്തേക്കുളള ഭക്ഷണം ക്യാമ്പുകളിൽ ലഭ്യമാണെന്ന് ഉറപ്പാക്കിയിട്ടുണ്്ട്. മടങ്ങാൻ താല്പര്യമുള്ളവരുടെ പട്ടിക രണ്ടു ദിവസത്തിനകം ഇ–മെയിലിൽ ലഭ്യമാക്കാൻ നോർക്ക റൂട്ട്സ് നടപടി എടുത്തിട്ടുണ്്ട്.

ലബനൻ വംശജനായ സാദ് ഹരീനി എന്നയാളുടെ ഉടമസ്‌ഥതയിലുള്ള സൗദി ഓഗർ എന്ന കമ്പനി അടച്ചു പൂട്ടിയതാണ് തൊഴിൽ നഷ്‌ടത്തിന് കാരണമായത്. അഞ്ച് ക്യാമ്പുകളിലായി ഏകദേശം 700 ഓളം മലയാളികൾ ഉണ്്ടെന്നാണ് ലഭ്യമായ വിവരം. ഏകദേശം 25,000–ത്തോളം തൊഴിലാളികൾ ജോലി ചെയ്യുന്ന സ്‌ഥാപനത്തിൽ 5,000–ത്തോളം പേർ ഇന്ത്യാക്കാരാണ്. ഇതിന്റെ അടിസ്‌ഥാനത്തിൽ എത്രയും വേഗം മലയാളികളുടെ തിരിച്ചുവരവ് ഉറപ്പാക്കാനാണ് ശ്രമം. തിരിച്ചുവരാൻ ആഗ്രഹിക്കുന്നവരുടെ റസിഡൻസ് പെർമിറ്റ് (ഇഖാമ) കാലാവധി അവസാനിച്ചിരിക്കുകയാണ്. ഇത് സാങ്കേതിക തടസങ്ങൾ സൃഷ്‌ടിക്കുന്നുണ്്ട്. പ്രതിസന്ധികൾ നേരിടുമ്പോഴും കുറച്ചു തൊഴിലാളികൾ കമ്പനിയിൽ നിന്നുള്ള ആനുകൂല്യം ലഭ്യമായ ശേഷം മടങ്ങാനാണ് ആഗ്രഹിക്കുന്നത്.

സൗദി സർക്കാരിന്റെ നിർമാണ പ്രവർത്തനങ്ങളും അറ്റകുറ്റ പണികളും ഏറ്റെടുത്ത് നടത്തിയിരുന്ന സ്‌ഥാപനമാണ് അടച്ചുപൂട്ടിയത്. ഇതിൽ നിർമാണ വിഭാഗത്തിന്റെ പ്രവർത്തനം പൂർണമായി നിലച്ചു. അറ്റകുറ്റ വിഭാഗത്തിൽ നാമമാത്രമായ പ്രവർത്തനം സൗദി സർക്കാർ നേരിട്ട് ചെയ്യിക്കുന്നുണ്ട്. തുച്ഛമായ പ്രതിഫലമാണ് ഇവർക്ക് ലഭിക്കുന്നത്. സർക്കാർ വക നിർമാണ പ്രവർത്തനങ്ങൾ മന്ദീഭവിച്ചതാണ് തൊഴിൽ നഷ്‌ടത്തിന് കാരണമായത്. ഏറെപേർക്കും കഴിഞ്ഞ ഏഴ് മാസത്തോളമായി ശമ്പളം ലഭിക്കുന്നില്ല.