സൗദിയിൽ മരിച്ച യുവാവിനു നാടിന്റെ അന്ത്യാഞ്ജലി
Sunday, July 31, 2016 10:17 PM IST
കളമശേരി: അറുപതു ദിവസം മുമ്പു മരിച്ച മകന്റെ ചേതനയറ്റ ശരീരത്തിനു മുന്നിൽ അച്ഛനമ്മമാർക്കു ചെലവിടാനായതു മൂന്നു മണിക്കൂർ മാത്രം. കഴിഞ്ഞ ജൂൺ നാലിനു ജിദ്ദയിൽ വാഹനാപകടത്തിൽ മരിച്ച കളമശേരി ചങ്ങമ്പുഴനഗറിൽ കാർത്തികേയന്റെ (26) മൃതദേഹം രണ്ടു മാസത്തിനുശേഷം ഇന്നലെ നാട്ടിലെത്തിച്ചപ്പോൾ മാതാപിതാക്കളായ വിജയകുമാറിന്റേയും സുഗുണയുടേയും അലമുറയിട്ടുള്ള കരച്ചിൽ കണ്ടുനിന്നവരുടെ കരളലിയിച്ചു.

കാർത്തികേയൻ മരിച്ചതിന്റെ 43–ാം നാൾ അധികാരികളുടെ അനാസ്‌ഥ ദീപിക വാർത്തയാക്കിയിരുന്നു. തുടർന്ന് പ്രവാസിസംഘടനകൾ ഉണർന്നു പ്രവർത്തിച്ച് 60–ാം ദിവസം മൃതദേഹം നാട്ടിലെത്തിക്കുകയായിരുന്നു.

മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ ആദ്യം എത്തിച്ചശേഷം രാവിലെ ഏഴരയോടെയാണ് ചങ്ങമ്പുഴ നഗറിലെ വീട്ടിൽ കൊണ്ടുവന്നത്. വീട്ടിലെ ചടങ്ങുകളിൽ കാർത്തികേയന്റെ സഹോദരി റിജിയുടെ മകൻ അശ്വിൻകുമാർ കർമങ്ങൾ ചെയ്തു. എളമക്കര ശ്മശാനത്തിൽ ഞായറാഴ്ച രാവിലെ 11നു സംസ്കാര ചടങ്ങുകൾ നടന്നു. വിദേശത്തു നിന്നുള്ള സുഹൃത്തുക്കളടക്കം നൂറുകണക്കിനാളുകൾ അന്ത്യോപചാരം അർപ്പിച്ചു.

ശനിയാഴ്ച അബഹ എയർപോർട്ടിൽ നിന്നു ദുബായ് വഴി നെടുമ്പാശേരിയിലേക്കുള്ള ഫ്ളൈ ദുബായ് വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. കാർത്തികേയൻ ജോലി ചെയ്ത കമ്പനിയിലെ ജീവനക്കാരനായ അഖിലേഷ് മൃതദേഹത്തെ അനുഗമിച്ചിരുന്നു. പുലർച്ചെ രണ്ടരയോടെ എയർപോർട്ടിൽ എത്തിയ മൃതദേഹം ഏറ്റുവാ ങ്ങാൻ കാർത്തികേയന്റെ സഹോദരീ ഭർത്താവ് അനിൽകുമാർ അടക്കമുള്ള ബന്ധുക്കൾ എത്തിയിരുന്നു. പ്രവാസി സംഘടനയായ പീപ്പിൾസ് കൾച്ചറൽ ഫോറം പ്രവർത്തകർ, ബന്ധുക്കളോടൊപ്പം ചേർന്നാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചത്.

രാവിലെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ എംഎൽഎമാരായ വി.കെ. ഇബ്രാഹിംകുഞ്ഞ്, അഹമ്മദ് കബീർ, കളമശേരി നഗരസഭാധ്യക്ഷ ജെസി പീറ്റർ, സിപിഎം ഏരിയ സെക്രട്ടറി വി.എ. സക്കീർ ഹുസൈൻ, പിഡിപി സംസ്‌ഥാന ജനറൽ സെക്രട്ടറി ടി.എ. മുജീബ് റഹ്മാൻ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.

അബഹയിൽ പിക്ക്അപ് വാഹനത്തിന്റെ ആക്സിൽ ഒടിഞ്ഞാണ് കാർത്തികേയൻ അപകടത്തിൽപ്പെട്ടത്. സൗദിയിലെ ജിദ്ദ അൽജസീറ ഫോർഡ് വെഹിക്കിൾ കമ്പനിയിലെ സ്പെയർ പാർട്സ് ജീവനക്കാരനായി ആറു മാസം മുമ്പാണ് ജോലിയിൽ ചേർന്നത്. കല്യാണ നിശ്ചയത്തിനു നാട്ടിലേക്കു വരാനിരിക്കെയായിരുന്നു അപകടം.

കാർത്തികേയന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനു കേന്ദ്ര, സംസ്‌ഥാന സർക്കാരുകൾക്കും നോർക്ക ഡയറക്ടറിനും ബന്ധുക്കൾ നിവേദനം കൊടുത്തെങ്കിലും കാര്യമായ ഇടപെടൽ ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.