യുഎഇയിൽ ഇനി വിപിഎൻ ഉപയോഗിച്ചാൽ കടുത്ത ശിക്ഷ
Sunday, July 31, 2016 1:11 AM IST
ദുബായ്: നിരോധിക്കപ്പെട്ട വെബ്സൈറ്റുകൾ ലഭിക്കാൻ വെർച്വൽ െരപെവറ്റ് നെറ്റ്വർക്കുകൾ (വിപിഎൻ) ഉപയോഗിക്കുന്നത് യുഎഇയിൽ ഇനി കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. യുഎഇ സർക്കാർ പുറത്തിറക്കിയ പുതിയ സൈബർ നിയമത്തിലാണ് ഇക്കാര്യം പ്രതിപാദിക്കുന്നത്. സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് നിയമം കർശനമാക്കാൻ ഭരണകൂടം തീരുമാനിച്ചത്. ഇതുപ്രകാരം വിപിഎൻ പ്രോക്സി സെർവർ ഉപയോഗിക്കുന്നവർ വൻ തുക പിഴയടയ്ക്കേണ്ടിവരും. അഞ്ചു ലക്ഷം ദിർഹം മുതൽ 25 ലക്ഷം ദിർഹം വരെയാണ് പിഴ ചുമത്തുന്നത്.

ലോകത്തിന്റെ ഏതു കോണിൽ സ്‌ഥിതിചെയ്യുന്ന കമ്പ്യൂട്ടറുകളേയും തമ്മിൽ ഇന്റർനെറ്റിലൂടെ ബന്ധിപ്പിച്ച് വളരെ സുരക്ഷിതമായ ഒരു നെറ്റ്വർക്ക് രൂപപ്പെടുത്താൻ വിപിഎൻ വഴി സാധിക്കും. ഇതിലൂടെയുള്ള ആശയ വിനിമയം എൻക്രിപ്റ്റഡ് ആയതിനാൽ ഇവ പൊതു നെറ്റ്വർക്കുകളിൽ പെടില്ല. ഇതിനാൽ, നിരോധിച്ച വെബ്സൈറ്റുകൾ വിപിഎൻ ഉപയോഗിച്ചു തുറക്കാൻ സാധിക്കും. നേരത്തെ ഇന്ത്യയിൽ ചില വെബ്സൈറ്റുകൾക്ക് കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തിയപ്പോൾ വ്യാപകമായി വിപിഎൻ ഉപയോഗിച്ചിരുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു.

യുഎഇയിൽ നേരത്തെയുണ്ടായിരുന്ന നിയമപ്രകാരം സൈബർ കുറ്റകൃത്യങ്ങൾക്ക് വിപിഎൻ ഉപയോഗിച്ചാൽ മാത്രമേ കുറ്റമായിരുന്നുള്ളു. എന്നാൽ പുതിയ നിയമപ്രകാരം യുഎഇയിൽ നിരോധിച്ച ഏത് വെബ്സൈറ്റും വിപിഎൻ വഴി ഉപയോഗിച്ചാൽ അത് സൈബർ കുറ്റകൃത്യമായി കണക്കാക്കും.