ജാമ്യംനിന്ന പ്രവാസി മലയാളി സൗദിയിൽ കുടുങ്ങി
Friday, July 29, 2016 12:15 AM IST
കൊച്ചി: ജയിലിൽ കഴിഞ്ഞിരുന്നയാൾക്കു ജാമ്യം നിന്നതിന്റെ പേരിൽ സൗദിയിൽ കുടുങ്ങിയ പ്രവാസിയെ നാട്ടിലെത്തിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നു പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഗൾഫിലെ സാമൂഹിക പ്രവർത്തകനും പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ ജനറൽ സെക്രട്ടറിയുമായ കോഴിക്കോട് സ്വദേശി ലത്തീഫ് തെച്ചിയാണ് പാസ്പോർട്ടും ഇഖാമയും കോടതിയിൽ സമർപ്പിച്ചതിന്റെ പേരിൽ നാട്ടിലേക്കു മടങ്ങാനാവാതെ സൗദിയിൽ കുടുങ്ങിയിരിക്കുന്നത്.

മലപ്പുറം പൊന്നാനി സ്വദേശി നാരായണൻ എന്നയാൾക്കു വേണ്ടിയാണു ലത്തീഫ് ജാമ്യം നിന്നത്. കാർ വാഷിംഗ് കമ്പനിയിൽ കഴുകാൻ ഏൽപ്പിച്ച കാർ നഷ്‌ടപ്പെട്ടതുമായി ബന്ധപ്പെട്ട കേസാണു നാരായണനെതിരേയുള്ളത്. 21 വർഷമായി നാട്ടിൽ പോകാൻ കഴിയാതിരുന്ന നാരായണന്റെ മോചനത്തിനു ശേഷം ആ കേസിൽ പകരക്കാരനായി ലത്തീഫ് തെച്ചിയാണ് ഹാജരായിക്കൊണ്ടിരിക്കുന്നത്. നാരായണൻ തിരിച്ചുവരികയോ അല്ലെങ്കിൽ നഷ്‌ടപ്പെട്ട കാറിന്റെ ഉടമയ്ക്ക് അതിന്റെ വിലയായ 12 ലക്ഷം രൂപ നൽകുകയോ ചെയ്താൽ മാത്രമേ ലത്തീഫിനു പാസ്പോർട്ട് തിരികെ നൽകുകയുള്ളൂവെന്നാണു കോടതി അറിയിച്ചിരിക്കുന്നത്.

ഒന്നര വർഷത്തോളമായി കേസുമായി ബന്ധപ്പെട്ടു ലത്തീഫ് കോടതി കയറിയിറങ്ങുകയാണ്. സുഖമില്ലാത്ത മാതാവിനെ സന്ദർശിക്കാൻ പോലും ലത്തീഫിനു സാധിക്കുന്നില്ല. കഴിഞ്ഞ ആറു മാസമായി ശമ്പളവും ലഭിക്കാത്തതിനാൽ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലുമാണ് ഇദ്ദേഹം. ഈ സാഹചര്യത്തിൽ ലത്തീഫിനെ നാട്ടിലെത്തിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ പവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ ട്രഷറർ ഷൗക്കത്ത് പറമ്പി, സാമൂഹിക പ്രവർത്തകയായ സോണിയ, നജീബ് എരമംഗലം തുടങ്ങിയവർ പങ്കെടുത്തു.