മർക്കസ് മഅദിൻ വിദ്യാർഥികൾക്കു സ്വീകരണം നൽകി
Thursday, July 28, 2016 7:12 AM IST
ഷാർജ: ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർത്വത്തിൽ സംഘടിപ്പിച്ച പതിനാറാമത് അന്താരാഷ്ട്ര ഇസ്ലാമിക പഠന കോൺഫറൻസിനു ഷാർജ ഗവൺമെന്റിന്റെ ക്ഷണപ്രകാരം ഇന്ത്യയെ പ്രതിനിധീകരിച്ചെത്തിയ കോഴിക്കോട് കാരന്തൂർ മാർകസുസ്സഖാഫത്തി സുന്നിയ്യയുടെയും മലപ്പുറം മഅദിൻ അക്കാദമിയുടെയും വിദ്യാർഥികൾക്കു ഷാർജ അബ്ദുർറഹ്മാൻ ബിൻ ഔഫ് മദ്രസ കമ്മിറ്റിയും ഐസിഎഫ് കമ്മിറ്റിയും സംയുക്‌തമായി സ്വീകരണം നൽകി.

ആഗോള തലത്തിൽ തീവ്രവാദവും ഭീകരതയും തഴച്ചുവളരുന്ന ഈ ഘട്ടത്തിൽ യഥാർഥ ഇസ്ലാമിന്റെ തനതായ ആശയങ്ങൾ സമാധാനത്തോടെ ലോക ജനതക്ക് പ്രചരിപ്പിക്കാൻ ഷാർജ ഭരണാധികാരിയുടെ പ്രത്യേക താത്പര്യത്തോടെയാണു സമ്മേളനം.

ഷാർജ അബ്ദുർറഹ്മാൻ ബിൻ ഔഫ് മദ്രസ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് നാസർ വാണിയമ്പലം ഉദ്ഘടനം ചെയ്തു. അബ്ദുൽ ഖാദർ സഖാഫി ആറങ്ങാടി അധ്യക്ഷത വഹിച്ചു. മുനീർ മാഹി, സിദ്ധീഖ് കല്ലൂർ, മൂസ കിണാശേരി, ഷബീർ മൈസലൂൺ, ഹംസ സഖാഫി സീഫോർത്ത്, അബ്ദുല്ല സഖാഫി മലയമ്മ തുടങ്ങിയവർ പ്രസംഗിച്ചു.