ഇലക്ട്രോണിക് മാധ്യമനിയമം നിലവിൽവന്നു
Thursday, July 28, 2016 7:11 AM IST
കുവൈത്ത്: ഇലക്ട്രോണിക് വാർത്താ സർവീസ്, ബുള്ളറ്റിനുകൾ, വാർത്താ പത്രങ്ങളുടെയും ചാനലുകളുടെയും വെബ്സൈറ്റുകൾ തുടങ്ങിയ മുഴുവൻ വെബ് അധിഷ്ഠിത പ്രസിദ്ധീകരണങ്ങളുടെയും മാർഗരേഖ നിലവിൽ വന്നു. കഴിഞ്ഞ ദിവസം പാർലമെന്റ് പാസാക്കിയ നിയമം ഔദ്യോഗിക വിജ്‌ഞാപനമായി പ്രസിദ്ധീകരിച്ചതോടെയാണു നിയമം പ്രാബല്യത്തിലായത്.

കുവൈത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കാനും ഭീകരതക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായുമാണ് പുതിയ ഇലക്ട്രോണിക് മാധ്യമ നിയമമെന്നു വാർത്താവിതരണമന്ത്രി ഷെയ്ഖ് സൽമാൻ അൽ ഹമൂദ് അൽ സബാഹ് അറിയിച്ചു. ഓൺലൈൻ വഴി പ്രവർത്തിക്കുന്ന മുഴുവൻ പ്രസിദ്ധീകരണങ്ങളും രാജ്യത്തിനകത്തു പ്രവർത്തിക്കുന്നതിനാവശ്യമായ ലൈസൻസ് സമ്പാദിക്കുന്നതിനു മന്ത്രാലയത്തിന്റെ വെബ്സൈറ്റുവഴി അപേക്ഷിക്കണം. നിലവിലുള്ളവ നിയമവിധേയമാക്കുന്നതിന് ഒരു വർഷത്തെ സമയപരിധി അനുവദിക്കും. വ്യവസ്‌ഥകൾ ലംഘിക്കുന്നവരെ നിയമനടപടിക്കു വിധേയമാക്കും. തടവ് ഉൾപ്പെടെ ശിക്ഷയും ലഭിക്കും.

സമഗ്ര ഇലക്ട്രോണിക് മാധ്യമനിയമം പ്രാവർത്തികമാക്കുന്ന ആദ്യ രാജ്യങ്ങളിൽ കുവൈത്തും സ്‌ഥാനം നേടിയതായി മന്ത്രി ഷെയ്ഖ് സൽമാൻ പറഞ്ഞു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ