അബ്ദുറഹ്മാൻ രണ്ടത്താണിയും എ.പി. ഉണ്ണികൃഷ്ണനും ബഹറിനിൽ
Thursday, July 28, 2016 7:09 AM IST
മനാമ: ബഹറിൻ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി മനാമ പാക്കിസ്‌ഥാൻ ക്ലബ്ലിൽ സംഘടിപ്പിക്കുന്ന ഭാഷാ സമര പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്ന മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണനും അബ്ദുറഹ്മാൻ രണ്ടത്താണിയും ബഹറിനിലെത്തി.

പരിപാടിയിൽ സംബന്ധിക്കുന്ന ഭാഷാ സമര സേനാനിയും യുഎഇ കെഎംസിസി പ്രസിഡന്റുമായ പുത്തൂർ റഹ്മാൻ, ബഹറിനിലെ പ്രമുഖ രാഷ്ട്രീയ, സാംസ്കാരിക നേതാക്കളും ചടങ്ങിൽ സംബന്ധിക്കും.

ജൂലൈ 20നു (വെള്ളി) വൈകുന്നേരം ഏഴിനു നടക്കുന്ന അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ കെഎംസിസി നടപ്പാക്കുന്ന ‘റഹ്മ 2016–17’ വിവിധ കർമപദ്ധതികളുടെ പ്രഖ്യാപനവും ചടങ്ങിൽ നടക്കും.

മലപ്പുറം ജില്ല സിഎച്ച് സെന്ററിനു ധനസഹായം, പാവപ്പെട്ട പ്രവാസി വിധവ പെൻഷൻ, വൃക്കരോഗികൾക്കു ഡയാലിസിസ് ധനസഹായം, അപകടത്തിൽ തളർന്നു കിടക്കുന്നവർക്കുള്ള ധനസഹായം, തീരദേശ മേഖലയിലെ നിർധനർക്കു ധനസഹായം, പാവപ്പെട്ട മുൻ പ്രവാസികൾക്ക് ആയിരം രൂപ വീതം പെൻഷൻ, പാവപ്പെട്ട വിധവകൾക്കു തയ്യൽ മെഷീൻ, നിത്യരോഗികളായ പ്രവാസികൾക്കു ചികിത്സ സഹായം തുടങ്ങിയ പദ്ധതികൾക്കും ചടങ്ങിൽ തുടക്കം കുറിക്കും. വിവരങ്ങൾക്ക് 97333748156.