ലോക യുവജന സംഗമത്തിനു പോളണ്ടിൽ തുടക്കമായി
Wednesday, July 27, 2016 8:19 AM IST
ക്രാക്കോവ്: മുപ്പത്തിയൊന്നാമത് ലോക യുവജന സംഗമത്തിനു പോളണ്ടിലെ ക്രാക്കോവിൽ ജൂലൈ 26നു വർണാഭമായ തുടക്കം. ബ്ളോണിയ പാർക്കിലാണ് ഉദ്ഘാടനത്തിനൊപ്പം ആഘോഷമായ ദിവ്യബലിയും നടന്നത്.

ഉദ്ഘാടന പരിപാടിയിൽ നടന്ന ദിവ്യബലിയിൽ വിശുദ്ധ പദവിയിലെത്തിയ ജോൺപോൾ രണ്ടാമൻ മാർപാപ്പായുടെ മുൻ സെക്രട്ടിയായ ക്രാക്കോവ് കർദ്ദിനാൾ സ്റ്റനിസ്ളാവ് ഡ്സിവിസ് മുഖ്യകാർമികത്വം വഹിച്ചു. ഇരുനൂറോളം ബിഷപ്പുമാരും ദേശീയ, അന്തർദേശീയ തലത്തിൽ നിന്നുള്ള വൈദികരും ദിവ്യബലിയിൽ സഹകാർമികരായി. പോളണ്ട് പ്രധാനമന്ത്രി ബിയാറ്റെ സിഡ്റ്റോയും കുടുംബാംഗങ്ങളും ദിവ്യബലിയിലും ഉദ്ഘാടന പരിപാടിയിലും പങ്കെടുത്തു. ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിൽ നിന്നും രണ്ടു മില്യൻ യുവജനങ്ങൾ ഉദ്ഘാടന ദിനത്തിലെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

ദൈവത്തിന്റെ ദിവ്യമായ അനന്തകാരുണ്യം ലോകമെമ്പാടും അറിയിക്കാൻ യുവജനങ്ങൾ കാരുണ്യത്തിന്റെ അംബാസഡർമാരായി മാറണമെന്നു ഉദ്ഘാടന സന്ദേശത്തിൽ കർദ്ദിനാൾ സ്റ്റനിസ്ളാവ് ഡ്സിവിസ് പറഞ്ഞു. യുവജനങ്ങൾക്ക് എന്നും പ്രചോദനവും ആവേശവുമായ വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ സ്വന്തം മണ്ണിൽ നടക്കുന്ന യുവജനസംഗമത്തിനു പ്രത്യേക വിശേഷണം തന്നെയുണ്ടെന്നു കർദ്ദിനാൾ പറഞ്ഞു. ദിവ്യബലിക്ക് ഒരു വൻ യുവജന ഗായകസംഘംതന്നെ അകമ്പടിയുണ്ടായിരുന്നു.

ക്രാക്കോവിലെ ബ്ളോണിയ പാർക്ക് ഒരു യുവസാഗരമായി മാറിയിരിക്കുകയാണ്. 600 ഏക്കർ വിസ്താരമുള്ള മൈതാനമാണു സംഗമത്തിനുവേണ്ടി പ്രത്യേകം തയാറാക്കിയിരിക്കുന്നത്.

യുവജനസമ്മേളനത്തെ അനുഗ്രഹിക്കാൻ 27നു (ബുധൻ) വൈകുന്നേരമാണ് ഫ്രാൻസിസ് മാർപാപ്പാ ക്രാക്കോവിൽ എത്തുന്നത്. പാപ്പായുടെ ആദ്യത്തെ പോളണ്ട് സന്ദർശനമാണിത്.

28നു പോളിഷ് പ്രസിഡന്റ് അന്ദ്രേ ഡൂഡ്, പോളണ്ടിലെ കർദ്ദിനാളന്മാർ, ബിഷപ്പുമാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്ന പാപ്പാ യുവജനങ്ങളുമായി സംവദിക്കും. 29നു ഫ്രാൻസിസ് പാപ്പാ വൈകുന്നേരം യുവജനങ്ങൾക്കൊപ്പം ക്രാക്കോവിൽ നടക്കുന്ന കുരിശിന്റെ വഴിയിൽ പങ്കെടുക്കും. 31നു (ഞായർ) നടക്കുന്ന സമാപന ബലിയിൽ ഫ്രാൻസിസ് പാപ്പാ മുഖ്യകാർമികത്വം വഹിച്ച് സന്ദേശം നൽകും. സമാപന സമ്മേളനത്തിൽ 30 ലക്ഷത്തോളം യുവജനങ്ങൾ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്.

150 രാജ്യങ്ങളിൽ നിന്നായി 50 കർദ്ദിനാളന്മാരും 800 ബിഷപ്പുമാരും 20,000 വൈദികരും കൂടാതെ ഒട്ടനവധി കന്യാസ്ത്രീകളും സംഗമത്തിൽ പങ്കെടുക്കാൻ ക്രാക്കോവിൽ എത്തിയിട്ടുണ്ട്. ഫ്രാൻസിസ് മാർപാപ്പയുടെ ജന്മനാടായ അർജന്റീനയിൽ നിന്ന് 7000 യുവജനങ്ങളാണ് സംഗമത്തിൽ പങ്കെടുക്കുന്നത്. സംഘർഷ മേഖലയായ യുക്രൈനിൽ നിന്ന് 5000 യുവജനങ്ങൾ എത്തിയിട്ടുണ്ട്.

ഇന്ത്യയിൽ നിന്ന് ആയിരത്തിലധികം പേരാണ് സംഗമത്തിൽ പങ്കെടുക്കുന്നത്. ഇന്ത്യൻ സംഘത്തെ നയിക്കുന്നത് ബല്ലേരി ബിഷപ്പും ഇന്ത്യൻ യൂത്ത് കമ്മീഷൻ ചെയർമാനുമായ ഹെൻറി ഡിസൂസയാണ്. സമാപന കലാപരിപാടികളിൽ ഉഡുപ്പി രൂപതയിലെ മംഗലാപുരത്തു നിന്നുള്ള മൂന്നു യുവജനങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. കൊങ്കിണി ഭാഷയിലെ പ്രശസ്ത ഗായകൻ കെവിൻ മിസ്ക്വിത്ത്, എയ്സ് ആങ്കറും ടിവി താരവുമായ ഷെൽഡോൺ ക്രാസ്റ്റ, ഉഡുപ്പി രൂപത ഐസിവൈഎം പ്രസിഡന്റ് ലോയൽ ഡിസൂസയുമാണ് ഈ മൂവർ സംഘം. കേരളത്തിൽ നിന്നുള്ള പ്രതിനിധി സംഘത്തിൽ ഐസിവൈഎം പ്രസിഡന്റ് സിജോ അമ്പാട്ട്, കെസിവൈഎം സംസ്‌ഥാന ഡയറക്ടർ ഫാ.മാത്യു ജേക്കബ് തിരുവാലിൽ, എസ്എംവൈഎം ഡയറക്ടർ ഫാ. മാത്യു കൈപ്പൻപ്ലാക്കൽ, കെസിവൈഎം മുൻ സംസ്‌ഥാന പ്രസിഡന്റ് ഷൈൻ ആന്റണി, മുൻ സംസ്‌ഥാന ജനറൽ സെക്രട്ടറി മനോജ് എം. കണ്ടത്തിൽ എന്നിവരാണ് നേതൃത്വം നൽകുന്നത്.

ബൈബിൾ അടിസ്‌ഥാനമാക്കി സ്നേഹം, സാഹോദര്യം, സഹിഷ്ണുത, സമാധാനം എന്നിവയാണ് സംഗമത്തിന്റെ മുഖ്യസന്ദേശമായി ഉയർത്തിയിരിക്കുന്നത്.

സമാപന പരിപാടിയിലെ സംഗീതമേള യുവജനസംഗമത്തിന്റെ ഹൈലൈറ്റ്സ് യയിരിക്കും. വിശുദ്ധ ജോൺ പോൾ രണ്ടാമനുള്ള സ്മരണാഞ്ജലിയായി സമർപ്പിക്കുന്ന സംഗീത പരിപാടിക്ക് ‘ജോൺ പോൾ രണ്ടാമന്റെ ദിവ്യബലി’ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. പോളണ്ടിലെ പ്രശസ്തരായ 300 പേരടങ്ങുന്ന ഗായകസംഘവും നൂറു കലാകരന്മാർ പങ്കെടുക്കുന്ന ഓർക്കസ്ട്രയും സംഗീത പരിപാടിയെ മനം കുളിർപ്പിക്കും. ലത്തീൻ ഭാഷയിൽ എഴുതി ഹെൻറിക് ജാൻ ബോതോർ സംവിധാനം ചെയ്ത സംഗീത പരിപാടി വിവിധ ഭാഷകളിലേക്കു വിവർത്തനം ചെയ്തിട്ടുണ്ട്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ