മലയാളി യുവതി റിയാദിൽ ജീവനൊടുക്കി
Wednesday, July 27, 2016 5:00 AM IST
റിയാദ്: മലയാളി കുടുംബത്തോടൊപ്പം കഴിയുകയായിരുന്ന ആലപ്പുഴ മാന്നാർ പാവൂർക്കര സ്വദേശി മൂർത്തിട്ട കണ്ണൻപടവിൽ അംബുജാക്ഷെൻറ ഭാര്യ സ്മിത (34) റിയാദിലെ തക്കസൂസിയിലെ ഫ്ളാറ്റിൽ ജീവനൊടുക്കി. ആലപ്പുഴ ചേപ്പാട് സ്വദേശി മോനിയും കുടുംബവും താമസിക്കുന്ന ഫ്ളാറ്റിൽ വീട്ടുജോലി ചെയ്തു വരികയായിരുന്നു സ്മിത. സ്വകാര്യ കമ്പനിയിൽ ജോലിക്കാരനായ മോനിയുടേയും കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് ആയ ഭാര്യയുടേയും നാലു വയസുള്ള കുഞ്ഞിനെ നോക്കാനാണ് ഒൻപത് മാസം മുൻപ് ഹൗസ് മെയ്ഡ് വിസയിൽ സ്മിത നാട്ടിൽ നിന്നും വന്നത്. മോനിയുടെ അമ്മയും ഫ്ളാറ്റിലുണ്ടായിരുന്നു.

അമ്മയും സ്മിതയും ഒരു മുറിയിലാണ് കിടന്നത്. രാവിലെ അമ്മ എണീറ്റ് നോക്കിയപ്പോൾ കട്ടിലിൽ സ്മിതയെ കാണാതെ സന്ദർശക മുറിയിൽ വന്നു നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിക്കിടക്കുന്ന നിലയിൽ സ്മിതയെ കണ്ടത്. ഉടൻ മോനിയെ വിളിച്ചു വിവരം പറയുകയും മോനി അറിയിച്ചതനുസരിച്ച് റെഡ് ക്രസൻറും പോലീസും സ്ഥലത്തെത്തുകയുമായിരുന്നു.

അസ്വഭാവിക മരണമായതിനാൽ മോനിയെ പോലീസ് കൊണ്ടുപോയെങ്കിലും പിന്നീട് വിട്ടയച്ചു. മരണകാരണം വ്യക്തമല്ല. നാട്ടിലെ വീട് നിർമാണത്തിെൻറ കടങ്ങൾ വീട്ടുന്നതിനായാണ് സ്മിത ഹൗസ് മെയ്ഡ് വിസയിൽ സൗദിയിലെത്തിയതെന്നറിയുന്നു. പ്ളസ് ടു വിദ്യാർത്ഥിനിയായ ആവണി, പത്താം ക്ലാസിൽ പഠിക്കുന്ന അമ്പാടി എന്നിവർ സ്മിതയുടെ മക്കളാണ്. മൃതദേഹം ഉടനെ നാട്ടിലയക്കാൻ വേണ്ട പോലീസ് ക്ലിയറൻസിനുള്ള ശ്രമങ്ങളിലാണെന്ന് ഒഐസിസി ജീവകാരുണ്യ കൺവീനർ സജാദ് ഖാൻ പറഞ്ഞു.

<യ> റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ