മസ്ക്കറ്റ് കേരള വിഭാഗത്തിന്റെ വേനൽ തുമ്പികൾക്ക് ആവേശകരമായ പര്യവസാനം
Wednesday, July 27, 2016 4:54 AM IST
മസ്ക്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മസ്ക്കറ്റ് കേരള വിഭാഗം സംഘടിപ്പിച്ച കുട്ടികൾക്കായുള്ള സൗജന്യ അവധിക്കാല ക്യാമ്പ് ‘വേനൽ തുമ്പികൾ 2016’ ആവേശകരമായി പര്യവസാനിച്ചു.

ജൂലൈ 15, 16, 22, 23, 24 തീയതികളിൽ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിന്റെ ഡാർസയിറ്റിലുള്ള മൂന്നു ഹാളുകളിലായിരുന്നു ക്യാമ്പ്. നാട്ടിൽ നിന്നും എത്തിയ പ്രമുഖ നാടക പ്രവർത്തകനും കുട്ടികൾക്കായുള്ള നിരവധി ക്യാമ്പുകൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്തിട്ടുള്ള കെ.വി. ഗണേഷ് ആണ് ക്യാമ്പ് നയിച്ചത്. രണ്ടാം ക്ലാസുമുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിവിധ പ്രായക്കാരായ കുട്ടികളെ നിള, പമ്പ, കബനി എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ച്, അവരുടെ അഭിരുചിക്കനുസരിച്ചു കുട്ടികളുടെ സർഗ വാസനകൾ കണ്ടറിഞ്ഞു അവയെ പരിപോഷിപ്പിക്കുന്ന തരത്തിൽ വിനോദവിജ്‌ഞാനപ്രദമായി കരിക്കുലം തയാറാക്കിയാണ് ക്യാമ്പ് ഒരുക്കിയത്. കുട്ടികൾ ഒരുക്കിയ നൃത്തങ്ങൾ, സ്കിറ്റ് തുടങ്ങിയവ അവസാന ദിവസം അരങ്ങേറി.

കേരള വിഭാഗം കോ കൺവീനർ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച സമാപന ചടങ്ങിൽ ക്യാമ്പ് ഡയറക്ടർ കെ.വി.ഗണേഷിന് കേരള വിഭാഗത്തിന്റെ ആദരം ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറി പി.എം. ജാബിർ സമ്മാനിച്ചു. ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ വിൽസൺ ജോർജ്, ഇന്ത്യൻ സ്കൂൾ ബോർഡ് അംഗം ബേബി സാം സാമുവൽ, ക്യാമ്പ് മാനേജർ പത്മനാഭൻ തലോറ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ദിനേശ് ബാബു, പ്രസാദ് എന്നിവർ സംസാരിച്ചു.

കേരള വിഭാഗം കഴിഞ്ഞ പതിനാലു വർഷമായി ക്യാമ്പ് സംഘടിപ്പിച്ചു വരുന്നു. ഇരുനൂറോളം കുട്ടികളാണ് ഇത്തവണ ക്യാമ്പിൽ പങ്കെടുത്തത്. തികച്ചും സൗജന്യമായി നടത്തിയ ക്യാമ്പിനു വിവിധ കമ്പനികളുടെ സ്പോൺസർഷിപ്പ് ഉണ്ടായിരുന്നു.

<ആ>റിപ്പോർട്ട്: സേവ്യർ കാവാലം