വർധിച്ചുവരുന്ന ആത്മഹത്യ: പോലീസുകാർക്ക് കൗൺസിലിംഗും യോഗയും നിർബന്ധമാക്കും
Wednesday, July 27, 2016 4:48 AM IST
ബംഗളൂരു: പോലീസ് ജീവനക്കാർക്കിടയിൽ ആത്മഹത്യാശ്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ മാനസിക സമ്മർദം കുറയ്ക്കുന്നതിനായി പോലീസുകാർക്ക് കൗൺസിലിംഗും യോഗയും നിർബന്ധമാക്കുന്നു.

ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. എൻജിഒകളുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനു വേണ്ടിയുള്ള പദ്ധതി തയാറാക്കുന്നതിനായി യോഗ, മാനസികാരോഗ്യ സ്‌ഥാപനങ്ങളുമായും മനോരോഗ വിദഗ്ധരുമായും ഉന്നത ഉദ്യോഗസ്‌ഥർ കൂടിയാലോചന നടത്തിവരികയാണ്. വിശദമായ പദ്ധതിരേഖ തയാറാക്കുന്നതിനായി വിദഗ്ധസമിതിക്ക് രൂപം നല്കിയിട്ടുണ്ട്. പദ്ധതിയുമായി സഹകരിക്കാൻ താത്പര്യം പ്രകടിപ്പിച്ച് നഗരത്തിലെ ഏതാനും എൻജിഒകൾ മുന്നോട്ടുവന്നിട്ടുണ്ട്.

നേരത്തെ, പോലീസ് ജീവനക്കാർക്ക് കൃത്യമായ ഇടവേളകളിൽ കൗൺസിലിംഗ് സെഷനുകൾ നടത്തിയിരുന്നു. എന്നാൽ, പിന്നീട് പലവിധ കാരണങ്ങളാൽ നിലയ്ക്കുകയായിരുന്നു.

ഈ മാസം തന്നെ രണ്ടു ഡിവൈഎസ്പിമാരാണ് സംസ്‌ഥാനത്ത് ജീവനൊടുക്കിയത്. മേലുദ്യോഗസ്‌ഥരിൽ നിന്നുള്ള തൊഴിൽപീഡനങ്ങളാണ് ജീവനൊടുക്കാൻ പ്രേരിപ്പിക്കുന്നതെന്ന് മരണത്തിനു മുമ്പ് മംഗളൂരു ഡിവൈഎസ്പി സ്വകാര്യ ചാനലിനോടു പറഞ്ഞിരുന്നു.

വിഷയം പ്രതിപക്ഷം വലിയ വിവാദമാക്കിയതോടെ കുറ്റാരോപിതനായ മുൻ ആഭ്യന്തരമന്ത്രി കെ.ജെ. ജോർജിന് മന്ത്രിസ്‌ഥാനം രാജിവയ്ക്കേണ്ടിവന്നു.