സുൽത്താൻപാളയ ദേവാലയത്തിൽ അൽഫോൻസാ തിരുനാൾ
Tuesday, July 26, 2016 3:45 AM IST
ബംഗളൂരു: സുൽത്താൻപാളയ വിശുദ്ധ അൽഫോൻസാ ഫൊറോന ദേവാലയത്തിൽ ഇടവകമധ്യസ്‌ഥയായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനു തുടക്കമായി.

വെള്ളിയാഴ്ച വൈകുന്നേരം ആറിന് വികാരി ഫാ. റോയ് വട്ടക്കുന്നേൽ തിരുനാളിനു കൊടിയേറ്റി. തുടർന്ന് മാണ്ഡ്യ രൂപത വികാരി ജനറാൾമോൺ. ജോർജ് ആലുക്കയുടെ മുഖ്യകാർമികത്വത്തിൽ ദിവ്യബലിയും നൊവേനയും ലദീഞ്ഞും നടന്നു.

ഇന്നു രാവിലെ 9.30ന് പുതിയ പാരിഷ് ഹാളിന്റെ വെഞ്ചരിപ്പ് കർമം മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആന്റണി കരിയിൽ നിർവഹിക്കും. ഫാ. തോമസ് വട്ടുകുളം സിഎംഎഫ് സഹകാർമികനാകും. ദേവാലയത്തിനു വേണ്ടിയുള്ള പ്രത്യേക പ്രാർഥനകളും നടക്കും. പ്രധാന തിരുനാൾ ദിവസമായ 31ന് രാവിലെ 9.30ന് തൃശൂർ രൂപത സഹായമെത്രാൻ മാർ റാഫേൽ തട്ടിൽ ആഘോഷമായ ദിവ്യബലിയിൽ മുഖ്യകാർമികത്വം വഹിച്ച് തിരുനാൾ സന്ദേശം നല്കും. തുടർന്ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണവും നടക്കും.

തിരുനാളിനോടനുബന്ധിച്ച് വാർഷികദിനാഘോഷവും നടക്കും. തിരുനാളിന്റെ എല്ലാ ദിവസങ്ങളിലും ദിവ്യബലിയും നൊവേനയും ലദീഞ്ഞും ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. റോയി വട്ടക്കുന്നേൽ അറിയിച്ചു.