ദുബായിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു
Monday, July 25, 2016 10:24 PM IST
കട്ടപ്പന: ദുബായിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കട്ടപ്പന കണിയാരകത്ത് പരേതനായ കെ.സി. തോമസിന്റെ മകൻ റോയി തോമസാണ് (45) മരിച്ചത്. ജോലിസ്‌ഥലത്തുനിന്നു താമസസ്‌ഥലത്തേക്ക് പോകുന്നതിനായി വാഹനം കാത്തുനിൽക്കുന്നതിനിടെ ലോഡുമായി വന്ന വാഹനമിടിച്ചായിരുന്നു അപകടം.

ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 11.30നു അപകടം നടന്നതായും സംഭവ സ്‌ഥലത്തുതന്നെ മരണം സംഭവിച്ചതായുമാണ് ബന്ധുക്കൾക്ക് ലഭിച്ചവിവരം. ദുബായ് കോമഡോർ കമ്പനിയിൽ സൂപ്പർവൈസറായി ജോലിചെയ്തുവരികയായിരുന്നു. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ഭാര്യ: ആശ കാമാക്ഷി മാമലശേരിൽ കുടുംബാംഗവും കട്ടപ്പന തെർമോ സെക്യൂരിറ്റി സിസ്റ്റം ഉടമയുമാണ്. പുളിയന്മല കാർമൽ സ്കൂൾ വിദ്യാർഥികളായ ഗ്രിഗറി, ഗസൽ എന്നിവരാണ് മക്കൾ. മംഗളം കട്ടപ്പന ലേഖകൻ കെ.എം. മത്തായി സഹോദരനാണ്.