‘തീവ്രവാദികൾ മതത്തെ അവഹേളിക്കുന്നവർ’
Monday, July 25, 2016 5:38 AM IST
മനാമ: ആദർശ വിശുദ്ധിയുടെ നിറകുടങ്ങളായ മുൻഗാമികളുടെ സമാധാനത്തിന്റെ പാത പിന്തുടരാൻ യുവതലമുറ തയാറാവണമെന്നും തീവ്രവാദികൾ മതത്തെ അവഹേളിക്കുന്നവരാണെന്നും സർവനാശം വിതയ്ക്കുന്ന അത്തരം ചിന്തകളെ സമൂഹത്തിൽനിന്നു പിഴുതെറിയാൻ എല്ലാ ശ്രമങ്ങളും നടത്തേണ്ടത് ഓരോ മതപ്രബോധകന്റെയും ചുമതലയാണെന്നും അബ്ദുസലാം ദാരിമി ഉദ്ബോധിപ്പിച്ചു. ഹൃസ്വ സന്ദർശനാർഥം ബഹറിനിലെത്തിയ അബ്ദുസലാം ദാരിമിക്കു ബഹറിൻ എസ്കെഎസ്എസ്എഫ് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സമസ്ത ബഹറിൻ പ്രസിഡന്റ് സയിദ് ഫക്റുദ്ദീൻ തങ്ങൾ നിർവഹിച്ചു. ഉമറുൽ ഫാറൂഖ് ഹുദവി അധ്യക്ഷത വഹിച്ചു. നസ്റുദ്ദീൻ അനുസ്മരണം ശാഫി വേളം നിർവഹിച്ചു. സൈദലവി മുസ്ലിയാർ അത്തിപ്പറ്റ, ഹാഫിൾ ശറഫുദ്ദീൻ മൗലവി, അശ്റഫ് അൻവരി, ഹംസ അൻവരി മോളൂർ, മുഹമ്മദലി വളാഞ്ചേരി, സലിം ഫൈസി പന്തീരിക്കര, അബ്ദുൽ മജീദ് ചോലക്കോട് തുടങ്ങിയവർ സംബന്ധിച്ചു. നവാസ് കൊല്ലം, മുഹമ്മദ് മോനു എന്നിവർ സംസാരിച്ചു.