‘ഐഎസ് ശ്രമിക്കുന്നത് ഇസ്ലാമിനെ തകർക്കാൻ’
Monday, July 25, 2016 5:37 AM IST
കുവൈത്ത്: ഖിലാഫത്ത് സ്‌ഥാപിക്കാനെന്ന പേരിൽ ഇസ്ലാമിനെ തകർക്കാനാണ് ഇസ്ലാമിക് സ്റ്റേറ്റ് ശ്രമിക്കുന്നതെന്നു കെഐജി ആക്ടിംഗ് പ്രസിഡന്റ് സക്കീർ ഹുസൈൻ തുവൂർ. ‘ഇസ്ലാം: തീവ്രതയ്ക്കും ജീർണതയ്ക്കും മധ്യേ’ എന്ന തലക്കെട്ടിൽ യൂത്ത് ഇന്ത്യ കുവൈത്ത് ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഐഎസിനു പിന്നിൽ സാമ്രാജ്യത്വ ഗൂഢാലോചന ഉണ്ടോ എന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു. സന്തുലിത ജീവിത വ്യവസ്‌ഥയായ ഇസ്ലാമിൽ തീവ്രതക്ക് സ്‌ഥാനമില്ല. സ്വയം പ്രഖ്യാപിത ഖലീഫയെ നിശ്ചയിച്ച് നിരപരാധികളെ കൊന്നൊടുക്കുന്ന ഐഎസ് മനുഷ്യസമത്വം, വിശ്വാസസ്വാതന്ത്ര്യം, ക്ഷേമ രാഷ്ട്രം, നീതി തുടങ്ങിയ ഇസ്ലാമിന്റെ അടിസ്‌ഥാന മൂല്യങ്ങളെ നിരാകരിക്കുന്നു. ഭരണകൂടങ്ങളും മാധ്യമങ്ങളും ഇസ്ലാമിനുമേൽ ഭീകരമുദ്ര ചാർത്തുമ്പോൾ ഇസ്ലാമിന്റെ യഥാർഥ മുഖം സമൂഹത്തിനു വ്യക്‌തമാക്കിക്കൊടുക്കാൻ ബാധ്യസ്‌ഥരായ സമുദായത്തിലെ ഒരു വിഭാഗം അതിരുകവിഞ്ഞ ആത്മീയതയുടെ പേരിൽ കാടുകയറുന്നത് നീതീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂത്ത് ഇന്ത്യ പ്രസിഡന്റ് സി.കെ. നജീബ് അധ്യക്ഷത വഹിച്ചു. യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് അബ്ദുൽ ബാസിത്ത് ഖിറാഅത്ത് നടത്തി. ഹാറൂൺ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ഷാഫി കോയമ്മ, കെഐജി ജനറൽ സെക്രട്ടറി

പി.ടി. ശരീഫ്, വൈസ് പ്രസിഡന്റ് കെ.എ. സുബൈർ, വെസ്റ്റ് മേഖല പ്രസിഡന്റ് ഫിറോസ് ഹമീദ്, ഈസ്റ്റ് മേഖല ആക്ടിംഗ് പ്രസിഡന്റ് റഫീഖ് ബാബു എന്നിവർ സംബന്ധിച്ചു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ