‘കലാകാരന്മാരെയും എഴുത്തുകാരെയും തരം തിരിച്ച് വരുതിയിലാക്കാനുള്ള മോദി സർക്കാരിന്റെ ശ്രമം അപലപനീയം’
Monday, July 25, 2016 5:34 AM IST
ദമാം: ഇന്ത്യയിലെ കലാകാരന്മാരെയും എഴുത്തുകാരെയും മൂന്നു ഗ്രേഡുകളായി തരംതിരിച്ച് സ്വന്തം വരുതിയിലാക്കാനുള്ള മോദി സർക്കാരിന്റെ സാംസ്കാരികവകുപ്പിന്റെ നീക്കത്തെ നവയുഗം സാംസ്കാരികവേദി കലാവേദി ശക്‌തമായി അപലപിച്ചു.

ഇന്ത്യയിലെ കലാകാരന്മാരെയും എഴുത്തുകാരെയും അവരുടെ ജനപ്രീതിയുടെയും പ്രകടനത്തിന്റെയും അടിസ്‌ഥാനത്തിൽ (ഔട്ട്സ്റ്റാൻഡിംഗ്), (പ്രോമിസിംഗ്), പിഡബ്ല്യു (വെയ്റ്റിംഗ്) എന്നിങ്ങനെ മൂന്നു ഗ്രേഡുകളായി തരംതിരിക്കാനും അവരെ വിദേശത്തേയും ഇന്ത്യയിലെയും സാംസ്കാരിക പരിപാടികളിൽ ഗ്രേഡ് അനുസരിച്ച് മാത്രം പങ്കെടുപ്പിക്കാനുമാണ് സാംസ്കാരിക വകുപ്പിന്റെ തീരുമാനം.
ഇപ്രകാരം ഗ്രേഡ് ചെയ്യുന്നതിനുവേണ്ടി സർക്കാർ ഉദ്യോഗസ്‌ഥരും സംഘപരിവാർ അനുഭാവികളായ കലാകാരന്മാരും രാഷ്ര്‌ടീയക്കാരും ഉൾപ്പെട്ട ഒരു സമിതിയേയും സർക്കാർ നിയമിച്ചിട്ടുണ്ട്.

ഇന്ത്യയിൽ മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം ന്യൂനപക്ഷങ്ങൾക്കും ദളിതർക്കും മതേതര സാംസ്കാരിക പ്രവർത്തകർക്കും എതിരെ വർധിച്ച രീതിയിൽ നടക്കുന്ന അതിക്രമങ്ങൾക്കും ഗോമാംസത്തിന്റെ പേരിൽ നടക്കുന്ന അക്രമങ്ങൾക്കും എതിരെ എഴുത്തുകാരും കലാകാരന്മാരും ശക്‌തമായി പ്രതിഷേധിക്കുകയും തങ്ങൾക്കു ലഭിച്ച അവാർഡുകൾ തിരികെ നൽകുകയും ചെയ്തത് അടുത്ത കാലത്താണ്. തങ്ങളെ എതിർക്കുന്ന മതേതരവാദികളായ കലാകാരന്മാരെയും എഴുത്തുകാരെയും ഒഴിവാക്കാനും സംഘപരിവാറിനോടും മോദി സർക്കാരിനോടും വിധേയത്വം പുലർത്തുന്നവരെ മാത്രം പ്രോത്സാഹിപ്പിക്കുവാനുമുള്ള ഗൂഢ അജൻഡയുടെ ഭാഗമാണു സാംസ്കാരികമന്ത്രാലയത്തിന്റെ ഈ പുതിയ നീക്കം.

ഇന്ത്യയുടെ സംസ്കാരത്തിനുതന്നെ അപമാനമായ സംഘപരിവാർ ഗൂഢശ്രമത്തെ മതേതര ഇന്ത്യ ഒറ്റക്കെട്ടായി എതിർക്കണമെന്നു നവയുഗം കലാവേദി ജനറൽ ബോഡിയോഗം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പൊതുയോഗം നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് കെ.ആർ. അജിത് ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി റെജിലാൽ പട്ടത്താനം അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി ജനറൽസെക്രട്ടറി എം.എ.വാഹിദ് കാര്യറ, രക്ഷാധികാരി ഉണ്ണി പൂചെടിയിൽ, ട്രഷറർ സാജൻ കണിയാപുരം, കേന്ദ്ര കമ്മിറ്റി അംഗം അരുൺ നൂറനാട് എന്നിവർ പ്രസംഗിച്ചു.

നവയുഗം കലാവേദിയുടെ കൺവീനറായി പ്രിജി കൊല്ലത്തെയും ജോയിന്റ് കൺവീനർമാരായി മോഹൻ ഓച്ചിറ, റെഞ്ചി കണ്ണാട്ട്, അരുൺഹരി, റഹീം അലനല്ലൂർ, സഹീർഷ, റോയ് വർഗീസ് എന്നിവരെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ റെജിലാൽ പട്ടത്താനം, സുജ റോയ്, സുമി ശ്രീലാൽ, പ്രതിഭ പ്രിജി, ലീന ഉണ്ണികൃഷ്ണൻ, ബിനു കുഞ്ഞു, അനീഷ്കുമാർ, ആനന്ദ്, ശ്രീലാൽ, ബിജു മുണ്ടക്കയം എന്നിവരെയും യോഗം തെരഞ്ഞെടുത്തു. റെജി സാമുവൽ, ബിജു വർക്കി എന്നിവർ സംസാരിച്ചു.

<ആ>റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം