നോർക്ക റൂട്ട്സ് നഴ്സിംഗ് റിക്രൂട്ട്മെന്റ്
Sunday, July 24, 2016 10:36 PM IST
കൊച്ചി: നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ വിദേശ ജോലിക്കായുള്ള നഴ്സുമാരുടെ റിക്രൂട്ട്മെന്റ്് കൊച്ചിയിൽ നടന്നു. ഹോട്ടൽ ക്രൗൺപ്ലാസയിൽ നടന്ന റിക്രൂട്ട്മെന്റിൽ 83 പേർ പങ്കെടുത്തു.

ഞായറാഴ്ച രാവിലെ എട്ടു മുതൽ വൈകുന്നേരം അഞ്ചു വരെയായിരുന്നു നടപടികൾ. നാനൂറോളം ഉദ്യോഗാർഥികളാണ് രജിസ്റ്റർ ചെയ്തിരുന്നത്. വിദേശ റിക്രൂട്ട്മെന്റ് സ്‌ഥാപനങ്ങളും ഇടനിലക്കാരും നഴ്സിംഗ് റിക്രൂട്ട്മെന്റിന്റെ മറവിൽ വൻതട്ടിപ്പ് നടത്തുന്നതായി ആരോപണങ്ങളുയർന്ന സാഹചര്യത്തിലാണ് നോർക്ക റൂട്ട്സ് സ്വന്തം നിലയിൽ റിക്രൂട്ട്മെന്റ് നടത്തിയത്.

നിരവധി ഉദ്യോഗാർഥികൾ കബളിപ്പിക്കപ്പെട്ട സാഹചര്യത്തിൽ ഇടനിലക്കാരുടെ സാന്നിധ്യം പൂർണമായും ഒഴിവാക്കിയെന്ന് ഉറപ്പുവരുത്താനായെന്നു നോർക്കറൂട്ട്സ് അറിയിച്ചു. സൗദിയിലെ അൽ–മന ആശുപത്രിക്കായാണു റിക്രൂട്ട്മെന്റ് നടത്തിയത്. നോർക്ക റൂട്ട്സ് ഉദ്യോഗസ്‌ഥരും അൽ–മന ആശുപത്രിയുടെ പ്രതിനിധിയും പങ്കെടുത്തു.