ടിം കെയ്ൻ ഹില്ലരിയുടെ വൈസ് പ്രസിഡന്റ് സ്‌ഥാനാർഥി
Saturday, July 23, 2016 5:03 AM IST
വെർജിനിയ: ഊഹാപോഹങ്ങൾക്കും അനിശ്ചിതത്വത്തിനുമൊടുവിൽ ഡമോക്രാറ്റിക് പ്രസിഡന്റ് സ്‌ഥാനാർഥി ഹില്ലരി ക്ലിന്റൺ വൈസ് പ്രസിഡന്റ് സ്‌ഥാനാർഥിയെ പ്രഖ്യാപിച്ചു.

അൻപത്തെട്ടുകാരനായ വെർജിനിയ മുൻ ഗവർണറും സെനറ്ററുമായ ടിം കെയനാണ് ഹില്ലരി ക്ലിന്റണിനൊപ്പം വൈസ് പ്രസിഡന്റ് സ്‌ഥാനാർഥിയായി മത്സരിക്കുന്നത്.

നിയമ വിദ്യാർഥി ആയിരിക്കുമ്പോൾ തന്നെ ഒരു വർഷത്തെ അവധിയെടുത്തു മിഷൻ ട്രിപ്പിനു സമയം കണ്ടെത്തിയ കെയ്ൻ ഭവനരഹിതരുടെ അവകാശങ്ങൾക്കുവേണ്ടി നിയമ യുദ്ധം നടത്തുകയും വെർജിനിയ ഗവർണറായിരിക്കുമ്പോൾ ഗൺ വയലൻസ് തടയുന്നതിനു ശക്‌തമായ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

കുട്ടികളുടെ വിദ്യാഭ്യാസം, വ്യാവസായിക സംരംഭം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയ ഏറ്റവും നല്ല സംസ്‌ഥാനമായി വെർജിനിയ തെരഞ്ഞെടുക്കപ്പെട്ടിരുന്നത് കെയ്ൻ ഗവർണർ പദവി വഹിച്ചിരുന്ന സമയത്താണ്.

ഡമോക്രാറ്റിക് ദേശീയ കൺവൻഷൻ തിങ്കളാഴ്ച ഫിലഡൽഫിയയിൽ ആരംഭിക്കാനിരിക്കെ ബെർണി സാന്റേഴ്സിന്റെ സ്‌ഥാനാർഥിത്വത്തെ അനുകൂലിച്ചവർ കെയ്നെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്ത ഹില്ലരിയുടെ നീക്കം തെരഞ്ഞെടുപ്പിൽ ഗുണകരമാകുമോ എന്നാണ് രാഷ്ട്രിയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ