പതിനൊന്നാമത് സതേൺ റീജണൽ കോൺഫറൻസ് അവിസ്മരണീയമായി
Saturday, July 23, 2016 5:01 AM IST
ഹൂസ്റ്റൺ: സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ നോർത്ത് അമേരിക്ക സതേൺ റീജണിൽപ്പെട്ട അറ്റ്ലാന്റ, ഹൂസ്റ്റൺ, ഡാളസ് ഇടവകകൾ ചേർന്നു നടത്തി വരുന്ന സതേൺ റീജണൽ കോൺഫറൻസിന്റെ പതിനൊന്നാമത് സമ്മേളനം വൈവിധ്യമാർന്ന പരിപാടികൾ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും അവിസ്മരണീയമായി.

ഡാളസിനടുത്ത് സെന്റണിലുളള ക്യാമ്പ് കോപസ് സൈറ്റിൽ ജൂൺ 24 മുതൽ 26 വരെയായിരുന്നു വാർഷിക കോൺഫറൻസ്. നോർത്ത് അമേരിക്ക യൂറോപ്പ് ഡയോസിഷൻ ബിഷപ് റൈറ്റ് റവ. ഡോ. തോമസ് ഏബ്രാഹം, അഭിലാഷ് ജോസഫ്, സിസി മാത്യു എന്നിവർ കോൺഫറൻസിനു നേതൃത്വം നൽകി.

‘ദൈവവചനത്തിന്റെ നിശ്വാസിയത’ എന്ന വിഷയമായിരുന്നു ഈ വർഷത്തെ ചിന്താവിഷയം. സമാപന ദിവസമായ 26നു രാവിലെ നടന്ന തിരുവത്താഴ ശുശ്രൂഷയ്ക്കും കൺഫർമേഷൻ സർവീസിനും ബിഷപ് ഡോ. തോമസ് ഏബ്രഹാം, കോൺഫറൻസ് പ്രസിഡന്റ് റവ. കെ.ബി. കുരുവിള, റവ. ജേക്ക് യോഹന്നാൻ, റവ. പി.എം. ഏബ്രഹാം എന്നിവർ നേതൃത്വം നൽകി.

ഡാളസ് ചർച്ചിലെ മലയാളം ഗായക സംഘവും ഹൂസ്റ്റൺ ചർച്ചിലെ ഇംഗ്ലീഷ് ക്വയറും കോൺഫറൻസിലെ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: ജീമോൻ റാന്നി