സൗദിയിൽ എൻജിനിയർമാരുടെ യോഗ്യത ഉറപ്പുവരുത്തുവാൻ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി
Saturday, July 23, 2016 4:55 AM IST
ദമാം: പുതിയതായി സൗദിയിൽ എത്തുന്ന എജിനിയർമാരുടെ യോഗ്യത, അനുഭവ പരിജയം തുടങ്ങിയ വിവരങ്ങളും മുൻ കൂട്ടിതന്നെ അറിയാൻ സാധ്യമാകുന്ന നിലയ്ക്ക് എൻജിനിയറിംഗ് കൗൺസിൽ പ്രത്യേക ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നു എൻജിനിയറിംഗ് കൗൺസിൽ മേധാവി ഡോ.ജമീൽ അൽബഖ്ആവി അറിയിച്ചു.

വ്യാജ എൻജിനിയറിംഗ് സർട്ടിഫിക്കറ്റുകൾ കണ്ടെത്തുന്നതിനു പ്രമുഖ അന്താരാഷട്ര ഏജൻസിയുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. സർട്ടിഫിക്കറ്റ് നേടിയ യൂണിവേഴ്സിറ്റിയിലേക്കു നേരിട്ടു ബന്ധപ്പെട്ടാണ് സർട്ടിഫിക്കറ്റിന്റെ നിജസ്‌ഥിതി മനസിലാക്കുക. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ പതിനാറായിരത്തിലധികം വ്യാജ എൻജിനിയർമാരെ കണ്ടെത്തിയിട്ടുണ്ടെന്നും കൗൺസിൽ മേധാവി പറഞ്ഞു.

രാജ്യത്തെ എൻജിനിയറിംഗ് മേഖലയുടെ നിലവാരം ഉയർത്തുന്നതിനു 2015 മുതൽ 2018 വരെയുള്ള വർഷങ്ങളിലേക്കു പ്രത്യേക പദ്ധതിയാണ് തയാറാക്കിയിട്ടുള്ളത്.

എൻജിനിയറിംഗ് കൗൺസിലിൽ രജിസ്റ്റർ ചെയ്ത എൻജിനിയർമാരിൽ 85 ശതമാനവും വിദേശികളാണ്. 80 രാജ്യങ്ങളിൽ നിന്നായി രണ്ടു ലക്ഷം എൻജിനിയർമാരാണ് സൗദിയിൽ ജോലി ചെയ്യുന്നത്. രാജ്യത്തെ എൻജിനിയർമാരിൽ 35,000 പേർമാത്രമാണ് സ്വദേശികളായുള്ളത്.

<ആ>റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം