യുഎഇയിലെ ചൂടേറിയ വർഷം ഇതല്ല
Saturday, July 23, 2016 4:24 AM IST
ദുബായ്: വേനൽച്ചൂടിൽ അപ്രതീക്ഷിത വർധന ഇക്കൊല്ലം രേഖപ്പെടുത്തിയിട്ടില്ലെന്നു യുഎഇയിലെ കാലാവസ്‌ഥാ നിരീക്ഷകർ. 45 മുതൽ 49 ഡിഗ്രി വരെയാണ് ഇത്തവണത്തെ താപനില. മുൻവർഷങ്ങളിലേതിനു സമാനമാണു ഇതെന്നു നാഷണൽ സെന്റർ ഫോർ മീറ്റീരിയോളജി ആൻഡ് സീസ്മോളജിയിലെ ഡോ.അഹമ്മദ് ഹബീബ് പറഞ്ഞു.

ഈ വർഷം രേഖപ്പെടുത്തിയ കൂടിയ ചൂട് 50 ഡിഗ്രിയായിരുന്നു. കഴിഞ്ഞ വർഷം ഇത് 52 വരെ എത്തിയിരുന്ന കാര്യം ജനങ്ങൾക്ക് ഓർമയുണ്്ടാവില്ല. ഭൂമിയുടെ പ്രതലം ചുട്ടുപഴുത്തതും ഒമാൻ ഭാഗത്തു നിന്നു കാറ്റു വീശിയതും മൂലം യുഎഇയുടെ കിഴക്കൻ ഭാഗത്തെ പർവതങ്ങൾക്കു സമീപം കാർമേഘങ്ങൾ രൂപപ്പെട്ടിരുന്നു. ഇതാണ് അൽ ഐൻ, ഷാർജ എന്നിവിടങ്ങളിൽ മഴ ലഭിച്ചതിന്റെ കാരണം. 2010ൽ യുഎഇയിൽ 52 ഡിഗ്രിയായിരുന്നു അനുഭവപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.