സൗദിയിൽ അത്യുഷ്ണം: ദമാമിലും ജൂബൈലിലും രണ്ടു വാഹനങ്ങൾക്കു തീപിടിച്ചു
Thursday, July 21, 2016 8:52 AM IST
ദമാം: സൗദിയിൽ കിഴക്കൻ പ്രവിശ്യയിൽ അതികഠിനമായ അത്യുഷ്ണത്തിൽ ഇന്നു രണ്ടു വാഹനങ്ങൾക്കു തീപിടിച്ചു. ദമാം പട്ടണത്തിൽ ഇന്നു രാവിലെ ഓടിക്കൊണ്ടിരിക്കുകയായിരുന്ന കാറിനു തീപിടിച്ച് രണ്ടു പേർക്കു പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സിവിൽ ഡിഫൻസ് വക്‌താവ് ബ്രഗേഡിയര് മൻസൂർ അൽദോസരി അറിയിച്ചു.

ദഹ്റാൻ ജുബൈൽ ഹൈവേയിൽ ഓടിക്കൊണ്ടിരുന്ന മറ്റൊരു വാഹനത്തിനും തീപിടിച്ചു. ഇവിടെ ആർക്കും ആളപായം ഉണ്ടായതായി റിപ്പോർട്ടില്ല.

കിഴക്കൻ പ്രവിശ്യയിൽ തുടരുന്ന ശക്‌തമായ ചൂടാണു വാഹനങ്ങൾക്കു തീപിടിക്കാൻ കാരണം. കിഴക്കൻ പ്രവിശ്യയിലും സൗദിയുടെ ഇതര ഭാഗങ്ങളിലും ശക്‌തമായ ചൂടാണ് അനുഭവപ്പെടുന്നതെന്നു സൗദി കാലാവസ്‌ഥ വിഭാഗം അറിയിച്ചു. ശക്‌തമായ ചൂടിനൊപ്പം ഈർപ്പാവസ്‌ഥയും അനുഭവപ്പെടുന്നുണ്ട്.

പ്രവിശ്യയിലെ ചൂട് 50 ഡിഗ്രി കവിഞ്ഞതായാണു റിപ്പോർട്ട്. വരുന്ന രണ്ടു ദിവസം ശക്‌തമായ ചൂട് അനുഭവപ്പെടുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്‌ഥാ വിഭാഗം വക്‌താവ് ഹുസൈൻ അൽ ഖഹ്താനി വ്യക്‌തമാക്കി.

ചൂടു ശക്‌തമാകുന്ന ഉച്ചയ്ക്ക് 12 മുതൽ മൂന്നു വരെയുള്ള സമയം കൂടുതൽ ജാഗ്രതവേണമെന്നും കാലാവസ്‌ഥ വിഭാഗത്തിന്റെ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും ഹുസൈൻ അൽ ഖഹ്താനി ആവശ്യപ്പെട്ടു.

<ആ>റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം