സർഗവേദി അരങ്ങ് സംഘടിപ്പിച്ചു
Wednesday, July 20, 2016 6:18 AM IST
അന്തരിച്ച പ്രശസ്ത നാടകാചാര്യൻ കാവാലം നാരായണപ്പണിക്കരെ അനുസ്മരിച്ചുകൊണ്ടാണു സർഗവേദി തുടങ്ങിയത്. ജോൺ വേറ്റം എഴുതിയ ‘അനുഭവ തീരങ്ങളിൽ’ എന്ന പുസ്തകത്തിന്റെ പ്രകാശനകർമം മനോഹർ തോമസ് ജോർജ് കൊടുകുളഞ്ഞിക്ക് കൈമാറി നിർവഹിച്ചു. ഈ പുസ്തകം അടുത്ത മാസം സർഗവേദിയിൽ വിശകലനം ചെയ്യും. സ്റ്റാറ്റൻ ഐലൻഡ് എന്ന ഭൂവിഭാഗത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ അമ്പത് വർഷങ്ങളിലൂടെ, അനുഭവ വേദ്യമായ ജീവിത ചരിത്രം ജോൺ വേറ്റം പറയുന്നു. ഈ പുസ്തകത്തെ ഒരു ചരിത്രാഖ്യായിക ആയി വിശേഷിപ്പിക്കാം.

സിഎംസി എഴുതിയ ‘വെളിച്ചം വിൽക്കുന്നവർ’ എന്ന കഥാ സമാഹാരത്തിന്റെ വിലയിരുത്തലാണു പിന്നീട് നടന്നത്. താൻ കണ്ട, അറിഞ്ഞ, അനുഭവിച്ച, ജീവിതത്തിന്റെ പച്ചയായ കണികകൾ മെനഞ്ഞാണു സിഎംസി കഥകൾ എഴുതുന്നത്. ദുരന്ത പര്യവസായി ആയ കഥകളോടാണ് അദ്ദേഹത്തിന് ആഭിമുഖ്യം. കൂടുതൽ കഥകളും അമേരിക്കൻ ജീവിതത്തിന്റെ നേർചിത്രങ്ങളാണ്. പുസ്തകത്തിൽ അദ്ദേഹത്തെ കൂടുതൽ സ്വാധിനിച്ച ചില എഴുത്തുകാരുടെ കഥകളുടെ തർജിമയും ചേർത്തിരിക്കുന്നു. ഷോളോം അലൈഹം തന്നെ ആയിരുന്നു സിഎംസിയുടെ എന്നത്തേയും ആരാധ്യനായ എഴുത്തുകാരൻ.

ഡോ. എ.കെ.ബി. പിള്ള അധ്യക്ഷപ്രസംഗത്തിൽ അവതാരിക എഴുതിയ ഡോ. എം.എം. ബഷിറിനെ നിരാകരിച്ചുകൊണ്ടാണു സംസാരിച്ചത്. എങ്കിലും സിഎംസി അമേരിക്കയിലെ ചെറുകഥാകൃത്തുക്കളിൽ ഏറ്റവും ആദരണീയനാണെന്നു പറയാൻ മറന്നില്ല. സാഹിത്യകാരന്മാർ ഒറ്റക്കെട്ടായിനിന്നു പ്രവർത്തിക്കണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.

ജോസ് കാടാപുറം സിഎംസി കഥകളുടെ അന്തർധാരയെപ്പറ്റി ചില കഥകൾ പരാമർശിച്ചുകൊണ്ടു വ്യക്‌തമാക്കി. പച്ചയായ ജീവിത യാഥാർഥ്യങ്ങളിലേക്കു വെളിച്ചം വീശുന്നതാണ് ഓരോ കഥകളും.

വർഗീസ് ചുങ്കത്തിൽ ‘സ്വാമി’ ‘ഇന്നിന്റെ മക്കൾ’ എന്നീ കഥകൾ വിലയിരുത്തി. എൻ.മോഹനനെ പോലെ പാരമ്പര്യമൂല്യങ്ങൾ ഉയർത്തിക്കൊണ്ടുള്ള സൃഷ്‌ടികളാണ് സിഎംസിയുടെ മുഖമുദ്ര എന്നു കെ.സി. ജയൻ പറഞ്ഞു. തുടർന്നു ബാബു പാറക്കൽ, കെ.കെ. ജോൺസൺ, ജോർജ് ജോസഫ്, ഡോ. ഷീല, തെരേസ ആന്റണി, ജോസ് ചെരിപുരം, ഡോ. നന്ദകുമാർ, അജിത് നായർ, പ്രിൻസ് മാർക്കോസ്, റീനി മമ്പലം, ത്രേസ്യാമ്മ നാടാവള്ളി എന്നിവർ സിഎംസിയുടെ കഥകളെ സമഗ്രമായി വിലയിരുത്തി.