യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ട്രംപ് റിപ്പബ്ലിക്കൻ സ്‌ഥാനാർഥി
Tuesday, July 19, 2016 9:26 PM IST
ക്ലീവ്ലൻഡ്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് റിപ്പബ്ലിക്കൻ സ്‌ഥാനാർഥി. ക്ലീവ്ലൻഡിൽ നടന്ന ചതുർദിന റിപ്പബ്ലിക്കൻ കൺവൻഷനിലായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. സ്‌ഥാനാർഥിത്വത്തിന് ആവശ്യമായ 1237 വോട്ടുകൾ നേടിയാണ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പിൽ ശക്‌തമായി പോരാടുമെന്നും നിങ്ങളുടെ പ്രതീക്ഷയ്ക്ക് ഭംഗംവരുത്തില്ലെന്നും ട്രംപ് പിന്നീട് ട്വിറ്ററിൽ കുറിച്ചു.

നീണ്ട ഒരു വർഷത്തെ ക്യാമ്പയിനു ശേഷമാണ് ട്രംപിനെ പ്രസിഡന്റ് സ്‌ഥാനാർഥിയായി തെരഞ്ഞെടുത്തത്. 50 സംസ്‌ഥാനങ്ങളിൽനിന്നായി 5000 പ്രതിനിധികളാണ് കൺവെൻഷനിൽ പങ്കെടുത്തത്. ട്രംപിന്റെ നോമിനേഷൻ തടയാൻ ട്രംപ് വിരുദ്ധർ കൺവൻഷനിൽ ശ്രമിച്ചെങ്കിലും അട്ടിമറി ശ്രമം നടന്നില്ല. ട്രംപിനെതിരേ ആവശ്യമെങ്കിൽ വോട്ടു ചെയ്യാൻ ഡെലിഗേറ്റുകളെ അനുവദിക്കുന്ന തരത്തിൽ ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്ന വിമതരുടെ ആവശ്യം ശബ്ദവോട്ടോടെ തള്ളി.