നയ്റോബിയിൽ മത–ജാതീയ–വംശീയ–വിഘടന വാദത്തിനെതിരെ കൂട്ടയ്മ രൂപീകരിച്ചു
Tuesday, July 19, 2016 6:03 AM IST
നയ്റോബി: കെനിയയിൽ ഒരു പുതിയ മലയാളം സദസ് ‘ഫാക്ട്’ മത ജാതീയ വംശീയ വിഘടന വാദത്തിനെതിരെ ഒരു കൂട്ടയ്മക്കു രൂപം നൽകി.

മതമൗലിക വാദവും വർഗീയതയും നാൾക്കുനാൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ നമ്മുടെ സമൂഹത്തെ അങ്ങേയറ്റം ആശങ്കയുടെ മുൾമുനയിൽ നിർത്തിയിരിക്കുന്ന സവിശേഷ സാഹചര്യത്തിലാണ് നയ്റോബിയിലെ പ്രവാസികൾ മതനിരപേക്ഷരായ സമാന മനസ്കരുടെ ‘ഫാക്ട്’ കൂട്ടായ്മക്ക് രൂപം കൊടുത്തത്. സമഭാവന, സമത്വം, സാഹോദര്യം എന്നതാണു സദസിന്റെ മുദ്രാവാക്യം.

ഇന്ത്യയിൽ കഴിഞ്ഞ രണ്ടു വർഷമായി കൊടുമ്പിരി കൊണ്ടുവരുന്ന അസഹിഷ്ണുത, ജാതി മത സംഘർഷങ്ങൾ എന്നിവയെ എതിരിടാതെ അനുകൂലിക്കുന്ന ഇന്ത്യൻ ഭരണാധികാരികളുടെ നീക്കങ്ങളും സദസിൽ ചർച്ചയാവും.

കേരളം മത സൗഹാർദത്തിന്റെ ഒരു കേന്ദ്രമാണെന്ന സത്യം കെനിയയിലെ എല്ലാ ഇന്ത്യൻ സംഘടനകളെയും മനസിലാക്കി കൊടുക്കുവാനും ഈ സദസിലൂടെ നേടിയെടുക്കുവാനാണു ശ്രമിക്കുന്നതെന്നും സംഘാടകർ പറഞ്ഞു.

ജൂലൈ 17നു ഗാര സ്പോർട്സ് ക്ലബ്ബിൽ നടന്ന ആദ്യ യോഗത്തിൽ ‘മൗലികവാദത്തിന്റെ പ്രശ്നങ്ങൾ’ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സംവാദത്തിൽ വിഷയം അവതരിപ്പിച്ച് ആഷ്ലി ജേക്കബ്, എല്ലാത്തരം മൗലിക വാദങ്ങളും ഒരേപോലെ എതിർക്കപ്പെടേണ്ടതാണെന്നു അഭിപ്രായപ്പെട്ടു. വിഷയാവതരണത്തിനുശേഷം നടന്ന ചർച്ചയിൽ മുഴുവൻ അംഗങ്ങളും സജീവമായി പങ്കെടുത്തു. തുടർന്നു കലാവിരുന്നും അരങ്ങേറി. ഉപസംഹാര വേളയിൽ ഭാവിയിലെ ഒത്തുചേരലുകളുടെ പ്രസക്‌തിയും ഭാവി പരിപാടികളുടെ രൂപരേഖയും ജി.പി. രാജ്മോഹൻ അവതരിപ്പിച്ചു. കേരള അസോസിയേഷൻ ഓഫ് കെനിയയുടെ കീഴിൽ നടക്കുന്ന എല്ലാ പരിപാടികളിലും നല്ല ആശയങ്ങൾ ഉൾകൊള്ളുന്ന കലാ സാഹിത്യ പരിപാടികൾ സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.

ചടങ്ങിൽ സുഭാഷ്, റാഫി, ഉണ്ണി, ചന്ദ്രു, നിഷാദ്, മണി, അജിത്ത്, ബെയ്ജോ, വിനോദ്, ബിജോയ്, ബാലൻ, ടോണി എന്നിവരും പങ്കെടുത്തു.

<ആ>റിപ്പോർട്ട്: ഡോ. റാഫി പോൾ