കല കുവൈറ്റ് മാതൃഭാഷ പഠനം: കലാജാഥകൾക്കു തുടക്കമായി
Monday, July 18, 2016 6:17 AM IST
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റേയും മാതൃഭാഷ സമിതിയുടേയും നേതൃത്വത്തിൽ നടന്നു വരുന്ന സൗജന്യ മാതൃഭാഷ പഠന ക്ലാസുകളിലെ കുട്ടികൾക്ക് വിനോദത്തിന്റേയും വിജ്‌ഞാനത്തിനേയും പാഠങ്ങൾ സമ്മാനിച്ചുകൊണ്ട് കല കുവൈറ്റിന്റെ കലാ വിഭാഗം നേതൃത്വം നൽകുന്ന കലാജാഥകൾക്കു തുടക്കമായി.

കല കുവൈറ്റ് കലാവിഭാഗത്തിന്റെ നേതൃത്വത്തിൽ മുതിർന്നവരും കുട്ടികളും അടക്കം ഇരുപതോളം കലാകാരന്മാർ ദിവസങ്ങൾ നീണ്ടുനിന്ന പരിശീലന ക്യാമ്പുകൾ പൂർത്തീകരിച്ചാണ് കലാജാഥ അരങ്ങിൽ എത്തിച്ചത്. കല കുവൈറ്റിന്റെ സജീവ പ്രവർത്തകരായ രാജേഷ് കെ.എം. സംവിധാനവും നിമിഷ രാജേഷ് രചനയും നിർവഹിച്ച കലാജാഥ ജൂലൈ അവസാനത്തോടു കൂടി കുവൈത്തിലെ നാല് മേഖലകളിലേയും മാതൃഭാഷ പഠന ക്ലാസുകളിൽ സന്ദർശനം നടത്തും.

കലാജാഥയുടെ പ്രയാണത്തിലെ ആദ്യ അരങ്ങ് കല കുവൈറ്റ് ജനറൽ സെക്രട്ടറി സി.കെ. നൗഷാദ് ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് അബാസിയ മേഖല പ്രസിഡന്റ് കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. കലാവിഭാഗം സെക്രട്ടറി സജിത്ത് കടലുണ്ടി, മാതൃഭാഷ സമിതി ജനറൽ കൺവീനർ സജിത സ്കറിയ, മാതൃഭാഷ സമിതി അബാസിയ മേഖല കൺവീനർ പ്രിൻസ്റ്റൺ ഡിക്രൂസ് എന്നിവർ സംസാരിച്ചു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ