ഹൂസ്റ്റണിൽ കെസിസിഎൻഎ കൺവൻഷന് ഒരുക്കങ്ങളായ
Monday, July 18, 2016 6:12 AM IST
ഹൂസ്റ്റൺ: വടക്കേ അമേരിക്കയിലെ ക്നാനായ കത്തോലിക്കരെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെസിസിഎൻഎ) പന്ത്രണ്ടാമത് കൺവൻഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

ഹൂസ്റ്റണിലെ ജോർജ് ആർ ബ്രൗൺ കൺവൻഷൻ സെന്ററിലും ഹിൽട്ടൻ അമേരിക്ക ഹോട്ടലിലുമായി ഓഗസ്റ്റ് നാലു മുതൽ ഏഴുവരെയാണു കൺവൻഷൻ ക്രമീകരിക്കുന്നത്. എണ്ണൂറിലധികം രജിസ്ട്രേഷനുള്ള കൺവൻഷനിൽ നാലായിരത്തോളം ആളുകൾ പങ്കെടുക്കുമെന്നാണു പ്രതീക്ഷയെന്ന് കെസിസിഎൻഎ ഭാരവാഹികൾ പറഞ്ഞു.

ഓഗസ്റ്റ് നാലിനു (വ്യാഴം) രാവിലെ രജിസ്ട്രേഷനു തുടക്കമാകും. വൈകുന്നേരം ആറിനു നടക്കുന്ന ഓപ്പണിംഗ് സെറിമണിക്കു ശേഷം ആതിഥേയ യൂണിറ്റായ ഹൂസ്റ്റൺ ക്നാനായ കാത്തലിക് സൊസൈറ്റി അവതരിപ്പിക്കുന്ന കൾച്ചറൽ പ്രോഗ്രാമും തുടർന്നു ക്നാനായ കൾചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള വൈവിധ്യമാർന്ന കലാവിരുന്നും ആദ്യദിനത്തിലെ നിറക്കാഴ്ചയായി മാറും. വെള്ളിയാഴ്ച രാവിലെ കൺവൻഷൻ സെന്ററിൽ ദിവ്യബലിക്കുശേഷം ഘോഷയാത്രയ്ക്കു തുടക്കമാകും. ജോർജ് ആർ ബ്രൗൺ കൺവൻഷൻ സെന്ററിൽ നിന്നു തുടങ്ങുന്ന വർണശബളമായ ഘോഷയാത്ര ഹിൽട്ടൻ അമേരിക്കയുടെ രണ്ടാം നിലയിലുള്ള ബോൾ റൂമിലാണ് സമാപിക്കുക. യൂണിറ്റുകൾ തിരിച്ചും കൺവൻഷനിലെ രജിസ്ട്രേഷൻ എണ്ണത്തിന്റെ അടിസ്‌ഥാനത്തിലും നീങ്ങുന്ന ഘോഷയാത്രയെ വാദ്യമേളങ്ങളും കലാരൂപങ്ങളും ആകർഷമാക്കും. തുടർന്നു കൺവൻഷന്റെ ഔപചാരികമായ ഉദ്ഘാടനം നടക്കും. കേരളത്തിൽനിന്നും അമേരിക്കയിൽനിന്നുമുള്ള മത – സാമൂഹ്യ – സാംസ്കാരിക നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.

ഉദ്ഘാടന ചടങ്ങിനുശേഷം യൂണിറ്റ് തിരിച്ചുള്ള വൈവിധ്യമാർന്ന കലാ – കായിക മത്സരങ്ങൾക്കു തുടക്കമാകും. വിവിധ പ്രായക്കാർക്കു പങ്കെടുക്കാവുന്ന വിധത്തിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. വിവിധ യൂണിറ്റുകൾ അവതരിപ്പിക്കുന്ന കൾചറൽ പ്രോഗ്രാമുകളും യുവജനങ്ങൾക്കുവേണ്ടിയുള്ള പ്രത്യേക പരിപാടികളുമൊക്കെ സംഘാടകർ ഒരുക്കിയിട്ടുണ്ട്. ക്നാനായ മങ്ക, ക്നാനായ മന്നൻ, മിസ്റ്റർ ക്നാ, മിസ് ക്നാ, ബാറ്റിൽ ഓഫ് ദ സിറ്റീസ് തുടങ്ങിയ മത്സരങ്ങളും ചിരിയരങ്ങ്, നർമ സല്ലാപം തുടങ്ങിയ പരിപാടികളുമൊക്കെ ഹൃദ്യമായ അനുഭവങ്ങളായി മാറും.

ഞായറാഴ്ച ദിവ്യബലിക്കു ശേഷമാണ് ക്ലോസിംഗ് സെറിമണി. വിവിധ ഫോറോനകളുടെയും അലൂംനി അസോസിയേഷനുകളുടെയുമൊക്കെ കൂട്ടായ്മകൾ തുടർന്നു നടക്കും. വൈകുന്നേരം ബാങ്ക്വറ്റോടു കൂടി കൺവൻഷനു സമാപനമാകും. തുടർന്നു ക്നാനായ കൾചറൽ സൊസൈറ്റി അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.

കൺവൻഷന്റെ വിജയകരമായ നടത്തിപ്പിന് 30 കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.
കെസിസിഎൻഎ പ്രസിഡന്റ് സണ്ണി പൂഴിക്കാല, വൈസ് പ്രസിഡന്റ് ജോസ് ഉപ്പൂട്ടിൽ, ജനറൽ സെക്രട്ടറി പയസ് വേളൂപ്പറമ്പിൽ, ജോയിന്റ് സെക്രട്ടറി സഖറിയ ചേലയ്ക്കൽ, ട്രഷറർ ജോസ് കുരുവിള എടാട്ടുകുന്നേൽചാലിൽ, കൺവൻഷൻ ചെയർമാൻ അജിത് കുളത്തിൽകരോട്ട് എന്നിവർ കൺവൻഷന്റെ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നു.

<ആ>റിപ്പോർട്ട്: സാബു കുര്യൻ