തുർക്കിയിൽ കുടുങ്ങിയവരിൽ മലയാളി വിദ്യാർഥിനിയും
Saturday, July 16, 2016 11:05 PM IST
പാലക്കാട്: സൈനിക അട്ടിമറിയുണ്ടായ തുർക്കിയിലെ ഇസ്താംബൂളിൽ പാലക്കാട് സ്വദേശി കുടുങ്ങിയതായി വീട്ടുകാർക്കു വിവരം ലഭിച്ചു. പാലക്കാട് ചന്ദ്രനഗർ കൃഷ്ണാമ്പാളിൽ രാജേഷിന്റെ മകൾ ഋതികയാണു കലാപഭൂമിയിൽ കുടുങ്ങിയിരിക്കുന്നത്.

തുർക്കിയിലെ സർവകലാശാല യായ അശോകയിൽ ഇന്റർനാഷണൽ റിലേഷൻഷിപ്പിൽ രണ്ടാം വർഷ ബിരുദവിദ്യാർഥിനിയായ ഋതിക, അവധികഴിഞ്ഞ് കഴിഞ്ഞ പതിനൊന്നിനാണ് ഉത്തരേന്ത്യക്കാരായ സഹപാഠികൾക്കൊപ്പം തുർക്കിക്കു പോയത്. പതിനൊന്നിനു വൈകുന്നേരം ഇസ്താബൂളിലെ കോളജ് ഹോസ്റ്റലിൽ എത്തിയതായും ഋതിക രക്ഷിതാക്കളെ അറിയിച്ചിരുന്നു. എന്നാൽ, ബുധനാഴ്ചവരെ മാത്രമാണു നേരിട്ട് ഫോണിൽ സംസാരിക്കാൻ കഴിഞ്ഞത്.

വെള്ളിയാഴ്ച മുതൽ വാട്സ്ആപ് സന്ദേശം മാത്രമാണു നാട്ടിൽ ലഭിക്കുന്നത്. താൻ സുരക്ഷിതയാ ണെന്നാണു പിതാവ് രാജേഷിന് ഋതിക വാട്സ്ആപ്പ് സന്ദേശം അയച്ചത്. ശനിയാഴ്ചയോടെ ഇതും മുടങ്ങി. പിന്നീട് ഫേസ്ബുക്ക് വഴി ബന്ധപ്പെടാൻ കഴിഞ്ഞു. തുർക്കിയിലെ ഇന്ത്യൻ എംബസി അധികൃതർ പ്രശ്നബാധിത പ്രദേശത്ത് എത്തിയിട്ടുണ്ടെന്നും തങ്ങളെ സുരക്ഷിത താവളത്തിലേക്കു ഉടൻ മാറ്റുമെന്നുമായിരുന്നു ഋതികയുടെ ഫേസ്ബുക്ക് പോസ്റ്റ്.