ചലച്ചിത്ര അവാർഡ് നിശയ്ക്ക് തിരി തെളിയുന്നു; ന്യൂയോർക്ക് ഷോ ജൂലൈ 24ന്
Saturday, July 16, 2016 7:44 AM IST
ന്യുയോർക്ക്: അമേരിക്കയിൽ ആദ്യമായി ഒസ്കർ മാതൃകയിൽ മലയാള ചലച്ചിത്ര അവാർഡ് നിശ സംഘടിപ്പിക്കുന്നു. അമേരിക്കൻ മലയാളികൾക്കു മുന്നിൽ മലയാള ചലച്ചിത്രലോകത്തെ പ്രഗത്ഭർ ഒന്നിക്കുന്ന താരരാവ് ന്യൂയോർക്ക് ഹെഡ്ജ് ഇവന്റ്സും ഫ്രീഡിയ എന്റർടെയിൻമെന്റ്സും സംയുക്‌തമായി ജൂലൈ 23നു (ശനി) ഷിക്കാഗോയിലും 24നു (ഞായർ) ന്യുയോർക്കിലും നടത്തും.

അവാർഡ് നിശയിൽ മലയാളത്തിലെ യുവ നായികമാരും നായകന്മാരുമടക്കം വിവിധ മേഖലകളിൽ നിന്നുള്ള ടെക്നീഷ്യന്മാരും പങ്കെടുക്കും. ജേതാക്കൾക്ക് കാഷ് അവാർഡും സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ മാതൃകയിലുള്ള ശില്പവുമാണു സമ്മാനിക്കുക.

ന്യുയോർക്കിലെ പരിപാടിയിൽ ദുൽഖർ സൽമാനും ഷിക്കാഗോയിൽ കുഞ്ചാക്കോ ബോബനും നേതൃത്വം നൽകും. ചാർളിയിൽ വ്യത്യസ്ത കഥാപാത്രത്തെ അവതരിപ്പിച്ച് സംസ്‌ഥാന അവാർഡ് കരസ്‌ഥമാക്കിയ ദുൽഖറിനൊപ്പം ‘എന്നു നിന്റെ മൊയ്തീനി’ലെ വേഷത്തിനു അവാർഡു നേടിയ പാർവതിയും അണിനിരക്കും. ഭാവന, രമ്യ നമ്പീശൻ, ആൻ അഗസ്റ്റിൻ, ദിവ്യ മേനോൻ, ആതിര എന്നിവർക്കു പുറമെ വിജയ് യേശുദാസ്, രമേഷ് പിഷാരടി, കലാഭവൻ പ്രജോദ്, മികച്ച സംവിധായകനുള്ള അവാർഡ് നേടിയ മാർട്ടിൻ പ്രക്കാട്ട്, ഫോട്ടോഗ്രഫിക്കു അവാർഡ് നേടിയ ജോമോൻ ടി. ജോൺ, തിരക്കഥക്ക് അവർഡ് ലഭിച്ച ഉണ്ണി, മികച്ച സംഗീത സംവിധായകൻ ഗോപീസുന്ദർ തുടങ്ങി രണ്ടു ഡസനൊളം കലാകാരന്മാരാണു അവാർഡു നിശക്കു ചാരുത പകരുക.

ഇതോടനുബന്ധിച്ചു താരങ്ങളും മറ്റു കലാകാരന്മാരും അവതരിപ്പിക്കുന്ന വ്യത്യസ്ത പരിപാടികൾ അണിയറയിൽ ഒരുങ്ങുന്നു.

24നു വൈകുന്നേരം അഞ്ചിനു ന്യൂയോർക്കിലെ ഗ്രീൻവാലി ടില്ലസ് സെന്ററിലാണ് നോർത്ത് അമേരിക്കൻ കേരള ഫിലിം അവാർഡ്നൈറ്റ് അരങ്ങേറുന്നത്.

വിവരങ്ങൾക്ക്: സജി 516 6063268; ആനി ലിബു 347 640 1295; ജയൻ മുളങ്ങാട് 630 6405007; ഡയസ് ദാമോദരൻ 832 643 9131.

<ആ>റിപ്പോർട്ട്: ജോർജ് തുമ്പയിൽ