കേരള ബജറ്റ്: കല കുവൈറ്റ് സെമിനാർ സംഘടിപ്പിച്ചു
Saturday, July 16, 2016 7:41 AM IST
കുവൈറ്റ് സിറ്റി: ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ച കേരള സർക്കാരിന്റെ 2016–17 വർഷത്തെ പുതുക്കിയ ബജറ്റിനെ ആസ്പദമാക്കി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സെമിനാർ സംഘടിപ്പിച്ചു.

ജനകീയ സർക്കാർ ജനകീയ ബജറ്റ് എന്ന പേരിൽ അബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ കല കുവൈറ്റ് പ്രസിഡന്റ് ആർ. നാഗനാഥൻ പരിപാഡിക്ക് അധ്യക്ഷത വഹിച്ചു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും വികസനലക്ഷ്യമുൾക്കൊണ്ടുകൊണ്ടുള്ള രണ്ടാം മാന്ദ്യ വിരുദ്ധപാക്കേജ്, സ്ത്രീ ക്ഷേമത്തിനായുള്ള പ്രത്യേക പദ്ധതികൾ, ഭിന്നലിംഗക്കാർക്കുള്ള പ്രത്യേക പരിഗണന, പൊതുമേഖല, ആരോഗ്യം, വിദ്യാഭ്യാസം, പൊതു വിതരണ രംഗം, നാണ്യതോട്ടം വിളകൾ തുടങ്ങി സാമൂഹ്യ സുരക്ഷിതത്വത്തിനും പുരോഗതിക്കും വികസനത്തിനും ഊന്നൽ നൽകുന്ന ബജറ്റ് സമസ്ത മേഖലയിലേയും ജനവിഭാഗങ്ങൾക്കും പ്രതീക്ഷ നൽകുന്ന ഒന്നായി വിഷയത്തിൽ പ്രബന്ധമവതരിപ്പിച്ചു കൊണ്ട് കല കുവൈറ്റ് കേന്ദ്രകമ്മിറ്റി അംഗം അനിൽ കുമാർ പറഞ്ഞു. പ്രവാസി ക്ഷേമ ഫണ്ട് ഒരു ലക്ഷത്തിൽനിന്ന് പത്ത് കോടിയായി ഉയർത്തും, ക്ഷേമനിധി ആനുകൂല്യം കാലാനുസ്രുതമായി ഉയർത്തും, പുനരധിവാസ ഫണ്ട് 12 കോടിയിൽ നിന്നും 24 കോടിയാക്കും തുടങ്ങിയ നിർദ്ദേശങ്ങൾ പ്രവാസികൾക്ക് കൂടുതൽ പ്രതീക്ഷകൾ നൽകുന്നതായും അദ്ദേഹം കൂട്ടിച്ചെർത്തു.

കല കുവൈറ്റ് ജനറൽ സെക്രട്ടറി സി.കെ. നൗഷാദ്, കെഎംസിസി പ്രതിനിധി ഫറൂഖ് ഹമദാനി, ഐഎൻസി പ്രതിനിധി ഷെരീഫ് താമരശേരി, പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം ജനറൽ സെക്രട്ടറി അനിൽ കുമാർ, വനിതാവേദി പ്രസിഡന്റ് ടോളി പ്രകാശ്, കല കുവൈറ്റ് പ്രതിനിധി എൻ. അജിത്ത് കുമാർ എന്നിവർ സംസാരിച്ചു.

യോഗത്തിൽ പ്രമുഖ വൃക്കരോഗ വിദഗ്ധനും കുവൈറ്റിന്റെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന ഡോ നാരായണൻ നമ്പൂരിയുടെ നിര്യാണത്തിലുള്ള അനുശോചന കുറിപ്പ് സജീവ് എം ജോർജ് അവതരിപ്പിച്ചു. പരിപാടിക്ക് കല കുവൈറ്റ് വൈസ് പ്രസിഡന്റ് ടി.കെ. സൈജു നന്ദി പറഞ്ഞു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ