കോൺഫറൻസ് ക്രോണിക്കിൾ ശ്രദ്ധേയമായി
Saturday, July 16, 2016 7:34 AM IST
എലൻവിൽ: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ ദൈനംദിന വിശേഷങ്ങൾ ലഭ്യമാക്കുന്നതിനായി പുറത്തിറക്കിയ ഡെയിലി ന്യൂസ് ബുള്ളറ്റിൻ ‘കോൺഫറൻസ് ക്രോണിക്കിൾ’ ഏറെ ശ്രദ്ധേയമായി.

പ്രഫഷണൽ പത്രങ്ങൾ ചെയ്യുന്നതുപോലെ തന്നെയായിരുന്നു ക്രോണിക്കിളിന്റെയും നിത്യേനയുള്ള പിറവി. ന്യൂസ് ലെറ്ററിനു കോൺഫറൻസ് ക്രോണിക്കിൾ എന്നു പേരിട്ടത് ഭദ്രാസന അധ്യക്ഷൻ സഖറിയ മാർ നിക്കോളോവോസായിരുന്നു. ജൂലൈ 13 മുതൽ 16 വരെ അപ്സ്റ്റേറ്റ് ന്യൂയോർക്കിലുള്ള എലൻവിൽ ഓണേഴ്സ് ഹേവൻ റിസോർട്ടിൽ നടന്ന കോൺഫറൻസിലായിരുന്നു നാലു ലക്കങ്ങളിലായി കോൺഫറൻസ് ക്രോണിക്കിൾ പ്രസിദ്ധീകരിച്ചത്. ഒപ്പം സഭ വാങ്ങാനൊരുങ്ങുന്ന പെൻസിൽവേനിയയിലെ ഡാൽട്ടനിലുള്ള റിട്രീറ്റ് സെന്ററിനെക്കുറിച്ച് സപ്ലിമെന്റും പ്രസിദ്ധീകരിച്ചു.

കോൺഫറൻസ് വേദിയോടു ചേർന്നു ആധുനിക സജ്‌ജീകരണങ്ങൾ നിറഞ്ഞ മീഡിയ സെന്റർ സജ്‌ജമാക്കിയായിരുന്നു ക്രോണിക്കിൾ പ്രസിദ്ധീകരണം. അമേരിക്കൻ മലയാളികൾക്കിടയിലെ അറിയപ്പെടുന്ന മാധ്യമപ്രവർത്തകൻ ജോർജ് തുമ്പയിലായിരുന്നു കോൺഫറൻസ് ക്രോണിക്കിളിന്റെ എഡിറ്റർ. എല്ലാ ദിവസവും ബെഡ് കോഫിയോടൊപ്പം രാവിലെ ആറിനു കോൺഫറൻസിൽ പങ്കെടുക്കുന്നവർക്ക് ലഭ്യമാക്കുന്ന വിധത്തിലായിരുന്നു ന്യൂസ് ബുള്ളറ്റിൻ പ്രസിദ്ധീകരിച്ചത്.

ഫാ. പൗലോസ് റ്റി. പീറ്റർ, ഫാ. ഡോ. വറുഗീസ് എം. ഡാനിയൽ, ഫാ. ഷിബു ഡാനിയൽ, വറുഗീസ് പോത്താനിക്കാട്, ഫിലിപ്പോസ് ഫിലിപ്പ്, മാത്യു സാമുവൽ, ലിൻസി തോമസ്, ആനി ലിബു, ആഷ ജോർജ്, സജി എം. പോത്തൻ, ഫോട്ടോഗ്രാഫർമാരായ അജിത് വറുഗീസ്, ബിപിൻ മാത്യു, സജി കെ. പോത്തൻ എന്നിവരും ചേർന്നാണ് ക്രോണിക്കിൾ പുറത്തിറക്കിയത്. കോൺഫറൻസ് കോഓർഡിനേറ്റർ ഫാ. വിജയ് തോമസ്, ജനറൽ സെക്രട്ടറി ഡോ. ജോളി തോമസ്, ട്രഷറർ ജീമോൻ വർഗീസ് തുടങ്ങിയവരും സഹകരിച്ചു.

ദിനപത്രങ്ങൾ പ്രസിദ്ധീകരിക്കുന്നതു പോലെ തന്നെയായിരുന്നു ക്രോണിക്കിളിന്റെ പ്രസിദ്ധീകരണവും. കോൺഫറൻസിലെ വിവിധ സെഷനുകൾ റിപ്പോർട്ട് ചെയ്യാൻ പ്രത്യേക കറസ്പോണ്ടന്റുമാരും ഉണ്ടായിരുന്നു. ഇവർ വൈകിട്ടോടെ എത്തിക്കുന്ന വാർത്തകൾ നന്നായി എഡിറ്റു ചെയ്ത് പുലർച്ചോയോടെ പേജ് വിന്യാസം പൂർത്തിയാക്കുകയും തുടർന്നു പ്രിന്റ് ചെയ്യുകയുമായിരുന്നു പതിവ്. കാർട്ടൂണും ഫോട്ടോ ഓഫ് ദി ഡേയും ഫോട്ടോ സ്നാപ്പ്സും കോൺഫറൻസ് റൗണ്ടപ്പുമൊക്കെ സ്‌ഥിരം പംക്‌തികളായി. ഉയർന്ന നിലവാരത്തിലുള്ള പ്രിന്റിംഗും പേജ് ലേ ഔട്ടും ക്രോണിക്കിളിനെ മികച്ചതാക്കി. കോൺഫറസിൽ പങ്കെടുത്തവർ ഈ പ്രത്യേക പതിപ്പു സൂക്ഷിച്ചു വയ്ക്കാനായി വീടുകളിലേക്ക് കൊണ്ടു പോകുന്ന കാഴ്ചയ്ക്കും എലൻവിൽ വേദിയായി. ക്രോണിക്കിൾ കൃത്യസമയത്തു തന്നെ വിതരണം ചെയ്യുന്നതിൽ ടീം അംഗങ്ങൾ മുൻകൈ എടുത്തു. ക്രോണിക്കിളിനു പിന്നിൽ പ്രവർത്തിച്ച ഏവരേയും സഖറിയ മാർ നിക്കോളോവോസ് അഭിനന്ദിച്ചു.

<ആ>റിപ്പോർട്ട്: ജോർജ് തുമ്പയിൽ