വിക്ടർ ടി. തോമസിനു ഡാളസിൽ സ്വീകരണം നല്കി
Saturday, July 16, 2016 2:37 AM IST
ഡാളസ്: കേരളാ കോൺഗ്രസ് നേതാവും, യുഡിഎഫ് പത്തനംതിട്ട ജില്ലാ കൺവീനറുമായ വിക്ടർ ടി. തോമസിനു പ്രവാസി കേരളാ കോൺഗ്രസും, പൗരസമിതിയും ഊഷ്മളമായ സ്വീകരണം നൽകി.

ഫോമയുടെ ഫ്ളോറിഡയിൽ നടന്ന സമ്മേളനത്തിൽ പങ്കെടുക്കുവാൻ അമേരിക്കയിലെത്തിയ വിക്ടർ ഡാളസിലെ സുഹൃത്തുക്കളായ ടി.സി ചാക്കോ, ഫിലിപ്പ് ചാമത്തിൽ എന്നിവരുടെ ക്ഷണപ്രകാരമാണ് ഡാളസിൽ ഹ്രസ്വസന്ദർശനത്തിനെത്തിയത്.

ചടങ്ങിൽ പ്രവാസി കേരളാ കോൺഗ്രസ് നാഷണൽ വർക്കിംഗ് പ്രസിഡന്റും, വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ പ്രസിഡന്റുമായ പി.സി. മാത്യു അധ്യക്ഷതവഹിച്ചു. സാമൂഹ്യപ്രവർത്തനങ്ങളിൽ നമ്മുടെ സ്‌ഥാനം എന്താണ് എന്നല്ല ജനം നോക്കുന്നതെന്നും നേരേമറിച്ച് ജനങ്ങൾക്ക് നാം എന്തു ചെയ്തുകൊടുത്തു എന്നുള്ളതിനാണ് പ്രധാന്യമെന്നു പി.സി തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

ഫോമയുടെ പൊളിറ്റിക്കൽ ഫോറം ചെയർമാൻ തന്റെ പ്രസംഗത്തിൽ വിക്ടർ നാളെയുടെ വാഗ്ദാനമായ എംഎൽഎ ആയിത്തീരട്ടെ എന്നും ഫോമയുടെ പിന്തുണയും വാഗ്ദാനം ചെയ്തു. പ്രവാസി കേരളാ കോൺഗ്രസ് നേതാവ് തോമസ് ഏബ്രഹാം തന്റെ പഴയ സുഹൃത്തും കേരളാ കോൺഗ്രസ് നേതാവുമായ വിക്ടറിനു ആശംസകൾ നേർന്നു.

ഡാളസിലെ മുതിർന്ന നേതാവും വേൾഡ് മലയാളി കൗൺസിൽ ഡിഎഫ്ഡബ്ല്യു പ്രോവിൻസ് അഡ്വൈസറി ചെയർമാനുംകൂടിയായ ടി.സി ചാക്കോ, നാടിന്റെ പ്രിയപ്പെട്ട നേതാവാണ് വിക്ടറെന്നും, അമേരിക്കൻ മലയാളികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കണമെന്നും അഭ്യർത്ഥിച്ചു.

ഡാളസ് ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ പ്രസിഡന്റ് തോമസ് ചെള്ളേത്ത് അമേരിക്കൻ തിരുവല്ലക്കാരുടെ പിന്തുണ വാഗ്ദാനം ചെയ്തു. തന്റെ അടുത്ത സുഹൃത്തും വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ വൈസ് ചെയർമാനുമായ വർഗീസ് കയ്യാലയ്ക്കകം വിക്ടറും താനും ജില്ലാ കമ്മിറ്റിയിൽ പ്രവർത്തിച്ച ഓർമ്മകൾ പങ്കുവെച്ചു.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം