ഷിക്കാഗോ സെന്റ് പീറ്റേഴ്സ് ഇടവകയിൽ ഓർമപ്പെരുന്നാളും ഇടവക സ്‌ഥാപന വാർഷികവും ആഘോഷിച്ചു
Friday, July 15, 2016 5:03 AM IST
ഷിക്കാഗോ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ഇടവകയുടെ കാവൽപിതാവും ശ്ലീഹന്മാരുടെ തലവനുമായ പരിശുദ്ധ മോർ പത്രോസ് ശ്ലീഹായുടെ ഓർമപ്പെരുന്നാളും ഇടവകസ്ഥാപനത്തിന്റെ 38–ാമതു വാർഷികവും 2016 ജൂലൈ 2,3 (ശനി, ഞായർ) തീയതികളിൽ അമേരിക്കൻ അതിഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യൽദോ മോർ തീത്തോസ് തിരുമനസിലെ പ്രധാന കാർമികത്വത്തിലും സഹോദര ഇടവകകളിലെ ശ്രേഷ്ഠ വൈദീകരുടേയും വിശ്വാസികളുടേയും സാന്നിധ്യത്തിലും പൂർവാധികം ഭംഗിയായി കൊണ്ടാടി. ശനിയാഴ്ച വൈകുന്നേരം വികാരി വന്ദ്യ തേലപ്പിള്ളിൽ സക്കറിയ കോറെപ്പിസ്കോപ്പ പെരുന്നാൾ കൊടിയേറ്റി അഘോഷങ്ങൾക്ക് തുടക്കം കറിച്ചു. തുടർന്നു സന്ധ്യാപ്രാർത്ഥനയും സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് സിറിയക് ഓർത്തഡോക്സ് പള്ളി വികാരി യൂഹാനോൻ അച്ചനും സെന്റ് മേരീസ് സിറിയക് ഓർത്തഡോക്സ് പള്ളി വികാരി മാത്യൂസ് കരുത്തലക്കൽ അച്ചനും വചനസന്ദേശം നൽകി.

ഞായറാഴ്ച അഭിവന്ദ്യ യൽദോ മോർ തീത്തോസ് തിരുമേനിയുടെ പ്രധാന കാർമികത്വത്തിലും വന്ദ്യ തേലപ്പിള്ളിൽ സക്കറിയ കോറെപ്പിസ്കോപ്പയുടേയും ആജാശ് പോൾ അച്ചന്റേയും (വികാരി, സെന്റ് ജയിംസ് സിറിയക് ഓർത്തഡോക്സ് പള്ളി, വാണാക്യൂ,) സഹകാർമികത്വത്തിലും വിശുദ്ധ മൂന്നിന്മേൽ കുർബാന അർപ്പിച്ചു. വിശുദ്ധ കുർബാന മധ്യേ പരിശുദ്ധനായ മോർ പത്രോസ് ശ്ലീഹായുടെ നാമത്തിൽ പ്രത്യേക മധ്യസ്ഥ പ്രാർഥനയും പെരുന്നാൾ ഏറ്റുകഴിച്ചവർക്കുവേണ്ടിയുള്ള പ്രത്യേക സമർപ്പണ പ്രാർത്ഥനയും നടത്തുകയുണ്ടായി. തുടർന്ന് നടന്ന ഭക്തിനിർഭരമായ റാസയിൽ വിശ്വാസികൾ എല്ലാവരും ഭാഗഭാക്കായി. റാസയുടെ മുമ്പിൽ ഭക്‌തിനിർഭരമായ ഗാനങ്ങളോടുകൂടിയ രഥവും പിന്നിലായി ചെണ്ടമേളവും പിന്നിലായി കൊടിതോരണങ്ങളുമായി സൺഡേ സ്കൂൾ കുഞ്ഞുങ്ങളും അതിനും പിന്നിലായി വെള്ളിക്കുരിശ്, സ്വർണക്കുരിശ് മുത്തുക്കുട എന്നിവ വഹിച്ച് വിശ്വാസികളും ഏറ്റവും പിന്നിലായി വന്ദ്യ: വൈദീകരും അണിനിരന്നത് റാസയുടെ ഭംഗി കൂട്ടി. നോർത്ത് ലെയ്ക്ക് സിറ്റി പോലീസിന്റെ സാന്നിധ്യം റാസയുടെ ഭംഗിയായ നടത്തിപ്പിനു മാറ്റുകൂട്ടി.

2016ൽ ഹൈസ്കൂൾ കോളജ് ഗ്രാജുവേറ്റ്സിനെ അനുമോദിക്കുകയും ഇടവകയുടെ ഉപഹാരം നൽകുകയും ചെയ്തു. ഈ വർഷം സൺഡേ സ്കൂൾ ടെൻത് ഗ്രേഡിൽ റീജണിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ജോസ്ലിൻ ജോർജിനെ പ്രത്യേകം അനുമോദിക്കുകയുണ്ടായി. മിഷിഗണിൽ വച്ച് നടന്ന 2016 ജൂണിയർ ഒളിമ്പിക്സിൽ ജിംനാസ്റ്റിക്കിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയ ഇടവകയുടെ അഭിമാനം ആൽവിൻ ജേക്കബിനെ അനുമോദിക്കുകയുണ്ടായി.

ഈ വർഷത്തെ പെരുന്നാളാഘോഷങ്ങൾക്ക് വന്ദ്യ വൈദികരായ സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് സിറിയക് ഓർത്തഡോക്സ് പള്ളി വികാരി യൂഹാനോൻ, സെന്റ് മേരീസ്
സിറിയക് ഓർത്തഡോക്സ് പള്ളി വികാരി മാത്യൂസ് കരുത്തലക്കൽ ,സെന്റ് ജോർജ് യാക്കോബായ പള്ള വികാരി ലിജു പോൾ, സെന്റ് മേരീസ് ക്നാനായ യാക്കൊബൈറ്റ് പള്ളി വികാരി മേപ്പുറത്ത് തോമസ്, അനീഷ് സ്കറിയ ശെമ്മാശനും റവ. ഡീക്കൻ ജെയ്ക്ക് ജേക്കബ് ശെമ്മാശനും (സെന്റ് മേരീസ് ക്നാനായ യാക്കോബായ പള്ളി) സഹോദര ഇടവകകളിലെ വിശ്വാസികളും പങ്കെടുക്കുകയുണ്ടായി.

പെരുന്നാളിൽ ആദ്യാവസാനം പങ്കെടുത്ത് അനുഗ്രഹിച്ച അഭിവന്ദ്യ യൽദോ മോർ തീത്തോസ് തിരുമനസിനും ചെറുതും വലുതുമായി സഹകരിച്ച വിശ്വാസികൾക്കും ഇടവക ഭരണസമിതിയ്ക്കും സഹോദര ഇടവകയിലെ വൈദീക ശ്രേഷ്ഠർക്കും ബഹു. ശെമ്മാശന്മാർക്കും ഉള്ള നന്ദി വികാരി അച്ചൻ തന്റെ നന്ദി പ്രസംഗത്തിൽ ആശംസിച്ചു. ഉച്ചയ്ക്ക് രണ്ടോടെ വികാരി അച്ചൻ കൊടിയിറക്കിയതോടെ 2016 ലെ പെരുന്നാളാഘോഷങ്ങൾക്കു തിരശീല വീണു. ഈ വർഷത്തെ പെരുന്നാളിനു സെക്രട്ടറി ജോജി കുര്യാക്കോസ് ട്രസ്റ്റി ഷിബു കുന്നത്ത്, വൈസ് പ്രസിഡന്റ് ജീവൻ തോമസ് പെരുന്നാൾ കോ–ഓർഡിനേറ്റേഴ്സായ രെഞ്ചി വർഗീസ്, ഷെറിൻ മത്തായി, ആഷ്ലിൻ സ്കറിയ എന്നിവർ നേത്യത്വം നൽകി. ഏലിയാസ് പുത്തൂക്കാട്ടിൽ അറിയിച്ചതാണിത്.

<യ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം