ഓപ്പറേഷൻ സങ്കട മോചൻ: സുഡാനിൽനിന്നുള്ള ആദ്യസംഘം തിരുവനന്തപുരത്തെത്തി
Thursday, July 14, 2016 10:17 PM IST
തിരുവനന്തപുരം: ആഭ്യന്തരയുദ്ധം രൂക്ഷമായ തെക്കൻ സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. വെള്ളിയാഴ്ച പുലർച്ചെയെത്തിയ വിമാനത്തിൽ 45 മലയാളികളാണ് ഉള്ളത്. രണ്ടു നേപ്പാളികളും ഒമ്പതു സ്ത്രീകളും മൂന്നു കുട്ടികളും അടക്കം 155 പേരടങ്ങുന്ന സംഘമാണ് വിമാനത്തിലുള്ളത്. വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗും ഇവരെ അനുഗമിക്കുന്നുണ്ട്.

സുഡാനിൽനിന്ന് തിരികെ വരാൻ ആഗ്രഹിക്കുന്നവരെ നാട്ടിലെത്തിക്കുമെന്ന് വി.കെ. സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. 500 ഓളം പേർ നാട്ടിലേക്കു വരുന്നതിന് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തിൽ മന്ത്രി കടകംമ്പള്ളി സുരേന്ദ്രനും ജില്ലാ കളക്ടറും ഉൾപ്പെടെയുള്ളവർ യാത്രക്കാരെ സ്വീകരിക്കാൻ എത്തിയിരുന്നു. നോർക്കയുടെ നേതൃത്വത്തിൽ യാത്രക്കാർക്കായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കെഎസ്ആർടിസി, റെയിൽവേ തുടങ്ങിയ വകുപ്പുകളുടെ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

അതേസമയം, സുഡാനിൽനിന്നുള്ള രണ്ടാമത്തെ വിമാനം വെള്ളിയാഴ്ച രാവിലെ ഡൽഹിയിൽ ഇറങ്ങും. കുടുങ്ങിക്കിടക്കുന്ന 300 ഓളം ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാൻ രണ്ട് സി–17 സൈനിക യാത്രാവിമാനങ്ങളുമായി വി.കെ. സിംഗ് നയിക്കുന്ന സംഘം കഴിഞ്ഞ ദിവസമാണ് സുഡാൻ തലസ്‌ഥാനമായ ജുബയിലെത്തിയത്. ഓപ്പറേഷൻ സങ്കടമോചൻ എന്നാണു രക്ഷാദൗത്യത്തിനു പേരിട്ടിരിക്കുന്നത്.