കേരളസഭയുടെ സ്നേഹം നുകർന്ന് ന്യൂയോർക്ക് ആർച്ച്ബിഷപ്
Wednesday, July 13, 2016 11:22 PM IST
കൊച്ചി: കേരളസഭയുടെ ഹൃദ്യമായ സ്നേഹം നുകർന്നു ന്യൂയോർക്ക് ആർച്ച്ബിഷപ് കർദിനാൾ തിമോത്തി എം. ഡോളൻ. മൂന്നു ദിവസത്തെ കേരളസഭാ സന്ദർശനത്തിനെത്തിയ കർദിനാൾ ഡോളനു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ എറണാകുളം മേജർ ആർച്ച്ബിഷപ്സ് ഹൗസിൽ ഹൃദ്യമായ വരവേല്പു നൽകി.

കേരളത്തിലെ സഭയിലെ വിശ്വാസതീക്ഷ്ണതയും കൂട്ടായ്മാ മനോഭാവവും മികച്ച കുടുംബ ബന്ധങ്ങളും ആഗോള കത്തോലിക്കാസഭയ്ക്കും സമൂഹത്തിനും എന്നും പ്രചോദനമാണെന്നു കർദിനാൾ മാധ്യമപ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയിൽ പറഞ്ഞു. ഇവിടെ വരാനായതു വലിയ സന്തോഷമാണ്. കേരളസഭയുടെ ചൈതന്യത്തെക്കുറിച്ചു കർദിനാൾ മാർ ജോർജ് ആലഞ്ചേരിയിൽനിന്നും മറ്റു മെത്രാന്മാരിൽനിന്നും അറിഞ്ഞിട്ടുണ്ട്. ഇവിടെയെത്തുമ്പോൾ അത് അനുഭവിക്കാനായതായും അദ്ദേഹം പറഞ്ഞു.

കർദിനാൾ ഡോളന്റെ കേരളസഭാ സന്ദർശനം സഭാമക്കൾക്കേവർക്കും അതീവസന്തോഷം പകരുന്നതാണെന്നു മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. സിഎൻഇഡബ്ലിയുഎ അന്താരാഷ്ര്‌ട പ്രസിഡന്റ് മോൺ. ജോൺ ഇ. കൊസാർ, സെക്രട്ടറി ഫാ. ജയിംസ് ഫെറേയ്റ എന്നിവരും കർദിനാൾ ഡോളനൊപ്പമുണ്ടായിരുന്നു. അതിരൂപത സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ, പ്രോ വികാരി ജനറാൾമാരായ മോൺ. സെബാസ്റ്റ്യൻ വടക്കുംപാടൻ, മോൺ. ആന്റണി നരികുളം, ചാൻസലർ റവ ഡോ. ജോസ് പൊള്ളയിൽ, പ്രൊക്യുറേറ്റർ ഫാ. ജോഷി പുതുവ, വൈസ് ചാൻസലർ ഫാ. ജോർജ് കളപ്പുരയ്ക്കൽ തുടങ്ങിയവരും കർദിനാളിനെ സ്വീകരിക്കാനെത്തി.

മെത്രാന്മാർക്കും അതിരൂപതയിലെ വൈദിക, സന്യസ്ത, അല്മായ പ്രതിനിധികൾക്കുമൊപ്പം കർദിനാൾ ഡോളൻ വിരുന്നിൽ പങ്കെടുത്തു.

എറണാകുളം സെന്റ് മേരീസ് ബസിലിക്കയും നിത്യാരാധന ചാപ്പലും സന്ദർശിച്ച കർദിനാൾ ഡോളനെ വികാരി റവ ഡോ. ജോസ് പുതിയേടത്ത് സ്വീകരിച്ചു.

ഇടപ്പള്ളി സെന്റ് ജോർജ് പള്ളിയിൽ വികാരി ഫാ. ജിമ്മി ഇരവിമംഗലവും സഹവികാരിമാരും കൈക്കാരന്മാരും ഇടവകാംഗങ്ങളും ചേർന്നു കർദിനാളിനു സ്വീകരണം നൽകി. ഇവിടെ സ്നേഹവിരുന്നിലും പങ്കെടുത്തു. ബിഷപ് മാർ ജോസ് പുത്തൻവീട്ടിലും ഒപ്പമുണ്ടായിരുന്നു.

വല്ലാർപാടം ഔവർ ലേഡി ഓഫ് റാൻസം ബസിലിക്കയിലെത്തിയ കർദിനാൾ ഡോളനെ വരാപ്പുഴ അതിരൂപത വികാരി ജനറാൾ മോൺ. ജോസഫ് പടിയാരംപറമ്പിൽ, റെക്ടർ മോൺ. ജോസഫ് തണ്ണിക്കോട് എന്നിവർ ചേർന്നു സ്വീകരിച്ചു.

ആലുവ മംഗലപ്പുഴ പൊന്തിഫിക്കൽ സെമിനാരി സന്ദർശിക്കാനെത്തിയ കർദിനാൾ ഡോളനെ റെക്ടർ റവ ഡോ. മാത്യു ഇല്ലത്തുപറമ്പിൽ, അസിസ്റ്റന്റ് റെക്ടർ റവ ഡോ. മാർട്ടിൻ കല്ലുങ്കൽ എന്നിവർ ചേർന്നു സ്വീകരിച്ചു. സെമിനാരി വിദ്യാർഥികളുമായി കർദിനാൾ ആശയവിനിമയം നടത്തി.

സീറോ മലബാർ സഭയുടെ ആസ്‌ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസും കർദിനാൾ സന്ദർശിച്ചു. കർദിനാൾ മാർ ആലഞ്ചേരിയും കൂരിയയിലെ വൈദികരും സമർപ്പിതരും ചേർന്നു സ്വീകരിച്ചു.

കാത്തലിക് നിയർ ഈസ്റ്റ് വെൽഫെയർ അസോസിയേഷൻ (സിഎൻഇഡബ്ലിയുഎ) ചെയർമാൻ കൂടിയായ കർദിനാൾ ഡോളൻ, അസോസിയേഷന്റെ ഇന്ത്യയിലെ പ്രതിനിധികളുമായി ഇവിടെ കൂടിക്കാഴ്ച നടത്തി.

ദൈവദാസൻ മാർ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ അനുസ്മരണ ശുശ്രൂഷകളിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം ഇന്നു മൗണ്ട് സെന്റ് തോമസിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകും. കത്തോലിക്കാസഭയിലെ പ്രമുഖ ദൈവശാസ്ത്രജ്‌ഞൻ കൂടിയായ കർദിനാൾ ഡോളൻ വെള്ളിയാഴ്ച ന്യൂയോർക്കിലേക്കു മടങ്ങും.