യുഎഇയിൽ ഇനി വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം ജോലിചെയ്യാം
Wednesday, July 13, 2016 10:27 PM IST
അബുദാബി: യുഎഇയിൽ വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം സ്വകാര്യ മേഖലയിൽ ജോലി ചെയ്യാനും സൗകര്യമൊരുങ്ങുന്നു. 12 മുതൽ 18 വയസ് വരെയുള്ളവർക്കു തൊഴിൽ പരിശീലനം നേടാനും 15 മുതൽ 18 വയസ് വരെയുള്ളവർക്കു ജോലി ചെയ്യാനുമാണ് അനുമതി ലഭിക്കുന്നത്. വിദേശികൾക്കും ഇതു ബാധകമായതിനാൽ മലയാളി വിദ്യാർഥികൾക്കും ഈ തീരുമാനം വളരെയേറെ സഹായകമാകും. പ്രായപൂർത്തിയാകാത്തവർക്കു സ്വകാര്യ മേഖലയിൽ ജോലിചെയ്യാനുള്ള താത്കാലിക പെർമിറ്റ് നേരത്തെ അനുവദിച്ചിരുന്നെങ്കിലും പഠനത്തോടൊപ്പം ജോലിചെയ്യാൻ ആദ്യമായാണു പെർമിറ്റ് അനുവദിക്കുന്നത്.

രക്ഷിതാവിന്റെ രേഖാമൂലമുള്ള അനുമതിയുണ്ടെങ്കിൽ മാത്രമേ കൗമാരക്കാർക്കു തൊഴിൽ പെർമിറ്റ് നല്കുകയുള്ളൂ. ടെംപററി, പാർട്ടൈം, ജുവനൈൽ എന്നിങ്ങനെ മൂന്നുതരത്തിലുള്ള തൊഴിൽ പെർമിറ്റ് ആണ് വിദ്യാർഥികൾക്കു ലഭിക്കുക. 31 മേഖലകളിൽ കൗമാരക്കാർക്കു നിയമനമില്ല. ടെംപററി പെർമിറ്റ് അനുസരിച്ച് ആറുമാസം വരെയുള്ള പദ്ധതികളിൽ തൊഴിൽ പെർമിറ്റ് അനുവദിക്കാം. പാർട്ടൈം, ജുവനൈൽ പെർമിറ്റുകളാണെങ്കിൽ ഒരുവർഷത്തിൽ കവിയാതെയുള്ള കാലാവധിയിൽ തൊഴിൽ ലഭിക്കും.

പരമാവധി ജോലിസമയം ആറു മണിക്കൂറാണ്. എന്നാൽ, തുടർച്ചയായി നാലുമണിക്കൂറിലധികം ജോലി ചെയ്യാൻ പാടില്ലെന്നാണ് വ്യവസ്‌ഥ. പാർട് ടൈം ജോലിയാണെങ്കിലും വിദ്യാർഥികൾക്ക് അതേ തസ്തികയിലുള്ള തൊഴിലാളികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും ലഭിക്കും. പ്രാർഥന, ഭക്ഷണം. എന്നിവയ്ക്കു പ്രത്യേക സമയം അനുവദിക്കും.