മനം നിറഞ്ഞ സന്തോഷത്തോടെ മാറോളി അബ്ബാസലി മടങ്ങുന്നു
Wednesday, July 13, 2016 8:17 AM IST
ദുബായി: മനം നിറഞ്ഞ സന്തോഷത്തോടെ മാറോളി അബ്ബാസലി മടങ്ങുകയാണ് സ്വരാജ്യത്തേക്ക്. 40 വർഷത്തെ പ്രവാസ ജീവിതത്തിന്റെ കയ്പ്പും മധുരവും നിറഞ്ഞ ഓർമകൾ നെഞ്ചേറ്റിയാണ് ദുബായി ടാക്സി ആർടിഎ ഗാരേജ് സൂപ്പർവൈസർ സ്‌ഥാനത്തുനിന്നും വിരമിച്ച് അബ്ബാസലി സ്വന്തം നാടായ ചെങ്ങേരംകുളത്തേക്കു തിരിക്കുന്നത്. ഇരുപതു വർഷത്തെ സേവനത്തിൽ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാനായതിനാൽ ഡിപ്പാർട്ട്മെന്റ് അദ്ദേഹത്തിനു പ്രശസ്തിപത്രവും പുരസ്കാരവും സമ്മാനിച്ചിട്ടുണ്ട്.

പള്ളിക്കര ജുമാ മസ്ജിദിൽ ഖത്തീബ് ആയി സേവനമനുഷ്ഠിച്ചിരുന്ന ഹമീദ് മുസ്ലിയാരുടെ മകനായ അബ്ബാസലി 1977 ജൂലൈയിലാണ് ഗൾഫിൽ എത്തുന്നത്. ദുബായി റാഷിദ് പോർട്ടിൽ കപ്പലിറങ്ങിയിട്ട് മരുഭൂമിയിലൂടെയുള്ള ആദ്യ യാത്രയെക്കുറിചോർക്കുമ്പോൾ ,കഷ്‌ട്ടപാടിന്റെ കഥ പറയാൻ അബ്ബാസലിക്ക് ആയിരം നാക്കുകളാണ്. ദുഃഖ ദുരിത ജീവിതവുമായി ജോലിക്ക് വേണ്ടിയുള്ള യാത്രക്കിടയിൽ ടിയുവി എന്ന ജർമൻ സ്‌ഥാപനത്തിന്റെ തലപ്പത്തിരുന്നിരുന്ന ജിഎം റഹൽ മുത്തുവുമായുള്ള സൗഹൃദമാണ് അബ്ബാസലിക്ക് ജീവിതത്തിനു വഴിത്തിരിവായത്. താൻ ജോലി ചെയ്തിരുന്ന കമ്പനിയിൽ പിആർഒ ആയി നിയമിക്കപ്പെടുകയും ജർമനി, സ്വിറ്റ്സർലൻഡ്, തായ്ലൻഡ്, ബാങ്കോക്ക്, ഖത്തർ, ബഹറിൻ, സൗദിഅറേബ്യ എന്നീ രാജ്യങ്ങൾ സന്ദർശിക്കാൻ അവസരം ലഭിക്കുകയും ചെയ്തു. കമ്പനി പിന്നീട് സ്വിറ്റ്സർലൻഡിലേക്ക് മാറ്റി സ്‌ഥാപിച്ചപ്പോഴും അബ്ബാസലി ദുബായി വിടാൻ കൂട്ടാക്കിയില്ല. രഹൽ മുത്തു തന്നെയാണ് ആർടിഎയിൽ ജോലി തരപ്പെടുത്തിക്കൊടുത്തത്.

ജോലിക്കിടയിലും സാമൂഹ്യ പ്രവർത്തനം തപസ്യയാക്കിയ അബ്ബാസലി 1980 മുതൽ ചന്ദ്രിക റീഡെസ് ഫോറത്തിലും, തുടർന്നു കെഎംസിസിയിലും പ്രവർത്തിച്ചുവരികയാണ്. ദുബായി പൊന്നാനി ചെങ്ങേരംകുളം കെഎംസിസി കോഓർഡിനേറ്റർ ആയും മലപ്പുറം ജില്ലാ ഭാരവാഹിയായും രണ്ടു തവണ ദുബായി സംസ്‌ഥാനകമ്മിറ്റി ഭാരവാഹിയായും പ്രവർത്തിച്ചു. ഇപ്പോൾ ഉമ്മുൽഖുവൈൻ കെഎംസിസി സംസഥാന ഉപാധ്യക്ഷനും ചെങ്ങരംകുളം കെഎംസിസി യുഎഇ കോഓർഡിനേഷൻ കമ്മിറ്റി ട്രഷററും ആണ്.

കാർഷിക പ്രേമിയായ ഇദ്ദേഹം താമസ സ്‌ഥലത്ത് വളർത്തുന്ന കാടയും കിളികളും കൃഷിയുമൊക്കെ പരിചരിക്കാൻ ഇനി കഴിയില്ല എന്ന ദുഃഖത്തിലാണ്.

നാട്ടിലെത്തിയാൽ ഇനിയുള്ള കാലം മാതൃ സംഘടനയായ മുസ്ലിം ലീഗുമായും സാമൂഹ്യ സേവനവുമായും കഴിഞ്ഞു കൂടണമെന്നാണ് തന്റെ ആഗ്രഹമെന്ന് അബ്ബാസലി പറഞ്ഞു.

ഒരാണും മൂന്നു പെൺകുട്ടികളടക്കം നാലു മക്കളാണ് അബ്ബാസലിക്ക്. മകൻ മുനീബ് ഡിപി വേൾഡിലും ഒരു മകൾ ഉമ്മുൽഖുവൈൻ റേഡിയോയിലും ജോലി ചെയ്യുന്നു.

<ആ>റിപ്പോർട്ട്: റഹ്മത്തുള്ള തൈയിൽ