അവധിക്കാലത്ത് മാതൃഭാഷാ പഠനം– എത്സിക്കൊച്ചമ്മയോടൊത്ത്
Wednesday, July 13, 2016 8:14 AM IST
ന്യൂയോർക്ക്: ഗുരുകുല വിദ്യാഭ്യാസം പുരാതന ഭാരതത്തിൽ നിലനിന്നിരുന്ന ഒരു ആചാരമാണ്. ഗുരുവിനോടൊപ്പം താമസിച്ച് അദ്ദേഹത്തിന്റെ കുടുംബം പോലെ കുട്ടികൾ കഴിയുന്നതുകൊണ്ടാണ് കുലം എന്നു പറയുന്നത്. അനുഗ്രഹീത കവയത്രിയും കോർ എപ്പിസ്കോപ്പ ഡോ. യോഹന്നാൻ ശങ്കരത്തിലിന്റെ പത്നിയുമായ എത്സിക്കൊച്ചമ്മ ഇവിടെ ന്യൂയോർക്കിൽ അതേപ്പോലെ വിദ്യാർഥികൾക്കായി ഒരു മലയാളം പാഠശാല ആരംഭിച്ചിരിക്കുന്നു. കർതൃവചനങ്ങൾ മനുഷ്യരാശിക്കു പകർന്നുകൊടുത്ത് അവരെ നന്മയുടെ വഴിക്കു തിരിക്കുന്ന അച്ചനൊപ്പം എത്സിക്കൊച്ചമ്മയും സമൂഹ നന്മക്കായുള്ള കർമങ്ങൾ ചെയ്യുന്നതിൽ വ്യാപൃതയാണ്. നാട്ടിലും ഇവിടെയുമായ ദാനധർമാദികൾ ചെയ്യുന്ന ഇവരുടെ മനസിൽ ഉദിച്ച ഒരു ആശയമാണു പള്ളിയിൽ വരുന്ന കുട്ടികൾക്ക് മലയാളം പഠിക്കാൻ ഒരവസരം ഉണ്ടാക്കുകയെന്നത്.

ഈ അവധിക്കാലത്ത് സ്വന്തം വീട്ടിൽ വച്ച് ഗുരുകുല സമ്പ്രദായത്തിൽ ആ പുണ്യപ്രവർത്തിക്ക് ആരംഭമായി. കുട്ടികൾക്ക് ഭക്ഷണവും വിശ്രമവും നൽകി അവരെ മാതൃഭാഷയുടെ ലോകത്തേക്കു കൊണ്ടുപോകുന്നതിൽ എത്സി സന്തോഷം കാണുന്നു. നാട്ടിൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ച ഇവർ വിവാഹാനന്തരം അമേരിക്കയിൽ വന്ന് ഉപരിപഠനം നടത്തി ന്യൂയോർക്കിലെ നാസാ കൗണ്ടിയിൽ, നാസാകൗണ്ടി ഡിപിഡബ്ല്യു, എൻജിനിയറായി സേവനമനുഷ്ഠിച്ച് ഇപ്പോൾ വിശ്രമജീവിതം നയിക്കുമ്പോഴും വിദ്യപകർന്നുകൊടുക്കുക എന്ന ദൈവീകമായ ചിന്തയെ പരിപോഷിപ്പിക്കുന്നു. അതിനായി കർമനിരതയാകുന്നു.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം