ശമ്പളം ലഭിച്ചില്ല: കുവൈത്തിൽ ക്ലീനിംഗ് തൊഴിലാളികൾ പണിമുടക്കി
Wednesday, July 13, 2016 5:50 AM IST
കുവൈത്ത്: ജോലി ചെയ്തിട്ടും ശമ്പളം നൽകാതിരുന്നതിനെ തുടർന്നു തൊഴിലാളികൾ പണിമുടക്കി. കുവൈത്ത് വിമാനത്താവളത്തിലെ ക്ലീനിംഗ് തൊഴിലാളികളാണ് സമരവുമായി രംഗത്തു വന്നത്. മാസങ്ങളുടെ ശമ്പളം കുടിശികയായി തുടരുന്ന സാഹചര്യത്തിൽ മറ്റു മാർഗങ്ങളില്ലാത്തതിനാൽ ജോലിക്ക് പോകാതെ നിൽക്കുകയായിരുന്നുവെന്നു തൊഴിലാളികൾ പറഞ്ഞു. അതിനിടെ പ്രശ്നത്തിൽ ഇടപ്പെട്ട മാൻ പവർ അതോറിറ്റി അസിസ്റ്റൻറ് ഡയറക്ടർ അഹ്മദ് അൽ മൂസ തൊഴിലാളികൾ ഇന്നലെ നടത്തിയ പണിമുടക്ക് ന്യായമായിരുന്നുവെന്നും തൊഴിലാളികൾക്കു ലഭിക്കേണ്ട മുഴുവൻ ശമ്പളവും കുടിശികയടക്കം കൊടുത്തില്ലെങ്കിൽ ക്ലീനിംഗ് കമ്പനിക്കെതിരെ ശക്‌തമായ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചു.

ശമ്പളമുൾപ്പെടെ തൊഴിലാളികളുടെ അവകാശങ്ങൾ ഹനിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന കമ്പനികൾക്കെതിരെ ഫയലുകൾ ക്ലോസ് ചെയ്യുന്നതുൾപ്പെടെ ശക്‌തമായ നടപടി കൈക്കൊള്ളും. കുവൈത്തിലെ മാനുഷിക സേവന പ്രവർത്തനങ്ങളുടെ കേന്ദ്രമായും അമീർ ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസബാഹിനെ മനുഷ്യസേവനത്തിന്റെ അന്താരാഷ്ര്‌ട വ്യക്‌തിത്വമായും തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ രാജ്യത്തിന്റെ സൽപേരിനു കളങ്കമുണ്ടാക്കുന്ന ഇത്തരം കമ്പനികളെ വച്ചുപൊറുപ്പിക്കില്ലെന്നും അഹ്മദ് അൽ മൂസ കൂട്ടിച്ചേർത്തു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ