എച്ച് വൺ ബി വീസ വെട്ടിച്ചുരുക്കാൻ അമേരിക്ക ബിൽ കൊണ്ടുവരുന്നു
Wednesday, July 13, 2016 5:48 AM IST
ഫ്രാങ്ക്ഫർട്ട്–വാഷിംഗ്ടൺ: ഇന്ത്യയിൽനിന്നുമുള്ള എച്ച് വൺ ബി വീസയുടെ എണ്ണം വെട്ടിക്കുറയ്ക്കാനൊരുങ്ങി അമേരിക്കയിൽ ബിൽ അവതരിപ്പിച്ചു. ഈ ബിൽ നിയമമായാൽ എച്ച് വൺ ബി വീസയിൽ ഐടി ഉദ്യോഗാർഥികളെ റിക്രൂട്ട് ചെയ്യുന്ന അമേരിക്കയിലെ ഇന്ത്യൻ കമ്പനികൾക്കു വൻ തിരിച്ചടിയായിരിക്കും.

പുതിയ ബിൽ പ്രകാരം ഇനി മുതൽ ഇന്ത്യൻ കമ്പനികൾക്ക് ആകെയുള്ള ജീവനക്കാരിൽ പകുതി പേരെ മാത്രമേ എച്ച് വൺ ബി വീസയിൽ അമേരിക്കയിലേക്ക് റിക്രൂട്ട് ചെയ്യാൻ സാധിക്കൂ.

ന്യൂജേഴ്സിയിൽനിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധി ബിൽ പാസ്ക്രെല്ലും കലിഫോർണിയയിൽനിന്നുള്ള റിപ്പബ്ലിക്കൻ പ്രതിനിധി ഡാന റോച്രാബാച്ചറുമാണ് എച്ച് വൺ ബി വീസ നിയമഭേദഗതിയിൽ ബിൽ അവതരിപ്പിച്ചിരിക്കുന്നത്.

നിലവിലുള്ള വീസ നിയമത്തിലെ പഴുതുകൾ അടയ്ക്കാനാണു നിയമഭേദഗതി കൊണ്ടു വരുന്നതെന്നും ഇരുവരും പറയുന്നു. എന്നാൽ നിയമഭേദഗതി ഇതുവരെ സെനറ്റിൽ അവതരിപ്പിച്ചിട്ടില്ല. സെനറ്റിൽ പാസാക്കി അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ ബില്ലിൽ ഒപ്പുവച്ചാൽ മാത്രമേ നിയമമാകൂ.