മാർത്തോമ യുവജന സഖ്യം പൂർവ പ്രവർത്തകസമ്മേളനം ജൂലൈ 16ന്
Wednesday, July 13, 2016 5:46 AM IST
ഷിക്കാഗോ: മാർത്തോമ യുവജനസഖ്യം നോർത്ത് അമേരിക്ക–യൂറോപ്പ് ഭദ്രാസനത്തിന്റെ പതിനെട്ടാമത് ദേശീയ സമ്മേളനത്തോടുചേർന്ന് യുവജനസഖ്യത്തിന്റെ പൂർവ പ്രവർത്തകരുടെ സമ്മേളനം ജൂലൈ 16നു (ശനി) നടക്കും.

നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ വിവിധ പള്ളികളിൽനിന്നു യുവജനസഖ്യത്തിന്റെ മുൻകാല നേതാക്കൾ സമ്മേളനത്തിനു നേതൃത്വം നൽകും. മാർത്തോമ യുവജനസഖ്യത്തിന്റെ വളർച്ചയുടെ പന്ഥാവിൽ കൈപിടിച്ചു നടത്തിയ മുൻകാല നേതാക്കളും പ്രവർത്തകരും തങ്ങളുടെ ഓർമകളും അനുഭവങ്ങളും പങ്കുവയ്ക്കുന്ന സമ്മേളനം യുവജനസഖ്യത്തിന്റെ ചരിത്രത്തിൽ പുത്തൻ ഏടുകൾ എഴുതിചേർക്കും.

സമ്മേളനത്തിന്റെ പഠനവിഷയം അമേരിക്കയിൽ മാറി വരുന്ന സാംസ്കാരിക ചുറ്റുപാടിൽ ക്രിസ്തുവിന്റെ പ്രസക്‌തി എന്നതാണ്. മുൻ ഭദ്രാസന സെക്രട്ടറി ജോസ് വർഗീസ് പുന്തല മോഡറേറ്ററായ സമ്മേളനത്തിൽ മുൻ സഭാ പഠന കൗൺസിൽ അംഗം റവ. ഡോ. കെ. സലോമോൻ വിഷയം അവതരിപ്പിക്കും. യുവജനസഖ്യം മുൻ ഭദ്രാസന സെക്രട്ടറി സന്തോഷ് ഏബ്രഹാം, മുൻ ഭദ്രാസന ട്രഷറർ കൗൺസിൽ അംഗം ഏബ്രഹാം കെ. ഡാനിയേൽ, ഡോ. മാത്യു സാധു, മാത്യൂസ് ഏബ്രഹാം എന്നിവർ ചർച്ചകൾക്കു നേതൃത്വം നൽകും.

ദേശീയ സമ്മേളനത്തിലേക്കു യുവജനസഖ്യത്തിന്റെ എല്ലാ മുൻകാല പ്രവർത്തകരേയും നേതാക്കളേയും സ്വാഗതം ചെയ്യുന്നതായി ജനറൽ കൺവീനർ മോനിഷ് കെ. ജോൺ, കൺവീനർ ഐപ്പ് സി. വർഗീസ് എന്നിവർ അറിയിച്ചു.

<ആ>റിപ്പോർട്ട്: അലൻ ചെന്നിത്തല