കലയുടെ സോഫ്റ്റ്വെയറുകളുമായി ഒരു മലയാളി
Tuesday, July 12, 2016 8:23 AM IST
ഹൂസ്റ്റൺ: ഡാറ്റാബെയ്സ് മാനേജ്മെന്റ്, നെറ്റ്വർക്കിംഗ്, ഇൻഫർമേഷൻ, ക്ലൗഡ് കംപ്യൂട്ടിംഗ്, ബിസിനസ് ഇന്റലിജൻസ് തുടങ്ങിയ വാക്കുകളെക്കുറിച്ച് അറിയണമെങ്കിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്ന ആരോടെങ്കിലും ചോദിച്ചാൽ മതിയാകും. മറിച്ച് തില്ലാന, രംഗപൂജ, നാട്യശാസ്ത്രം എന്നിവയെക്കുറിച്ചറിയണമെങ്കിലോ? ഏതെങ്കിലും വിദഗ്ധ നർത്തകിമാരോടു തന്നെ ചോദിക്കണം. എന്നാൽ ലക്ഷ്മി എന്ന കോട്ടയത്തുകാരിയുടെ കാര്യം അങ്ങനെയല്ല. ക്ലൗഡ് കംപ്യൂട്ടിംഗും നവരസങ്ങളും അവർക്ക് ഒരുപോലെ എളുപ്പമാണ്. കുറച്ചുകൂടെ വിശദമായി പറഞ്ഞാൽ രണ്ടിലും വിദഗ്ധയാണവർ. ഐടി മേഖലയിലെ ഏറ്റവും പുതിയ സോഫ്റ്റ് വെയറുകളും ഭരതനാട്യത്തിലെ പുരാതന മുദ്രകളും ലക്ഷ്മിയുടെ വിരൽതുമ്പുകൾക്ക് മനപ്പാഠം.

സ്ത്രീകൾ അധികം കടന്നുവരാൻ ധൈര്യപ്പെടാത്ത മേഖലയാണ് ഐടി ബിസിനസ് രംഗം. ഇവിടെയാണ് മുപ്പത്തിനാലുകാരിയായ ലക്ഷ്മി ചുവടുവച്ചുയർന്നത്. ഹൂസ്റ്റണിൽ കോടികളുടെ വിറ്റുവരവുള്ള ഒരു ഐടി കമ്പനിയുടെ ഡയറക്ടറാണിപ്പോൾ ലക്ഷ്മി.

കോളജ് പഠനകാലത്ത് എംജി യൂണിവേഴ്സിറ്റി ഇന്റർസോൺ മത്സരങ്ങളിൽ ഒരുതവണ കലാതിലകമായിരുന്നു. പിന്നീട് ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവലിൽ ബെസ്റ്റ് കൊറിയോഗ്രാഫർ അവാർഡും ഈ കലാകാരിയെ തേടിയെത്തിയിട്ടുണ്ട്. മയാമിയിൽ നടന്ന ഫോമ കൺവൻഷനിൽ ‘മലയാളി മങ്ക 2016’ മത്സരത്തിലെ വിജയിയാണ് ഹൂസ്റ്റണിൽനിന്നുള്ള ലക്ഷ്മി.

കലാരംഗത്തെ ഈ ചുവടുവയ്പ്പുകൾക്കും മുന്നേറ്റങ്ങൾക്കുമൊപ്പം പിതാവിനെപ്പോലെ ബിസിനസ് രംഗത്തും ലക്ഷ്മി മുന്നേറി. കർമരംഗത്തെ ഈ യാത്രകൾക്കൊടുവിലാണ് ഈ കലാകാരി അമേരിക്കയിലെ ഒരു ഐടി കൺസൾട്ടിംഗ് കമ്പനിയുടെ അമരത്തെത്തിയിരിക്കുന്നത്.

ഐടി ബിസിനസ് രംഗത്ത് തന്റെ എതിരാളികളോടു മത്സരിക്കുമ്പോൾ തന്നെ 2003ൽ നൂറോളം വിദ്യാർഥികൾക്ക് ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും മറ്റു നൃത്ത വിഭാഗങ്ങളിലും മികച്ച പരിശീലനം നൽകുന്ന ലക്ഷ്മി ഡാൻസ് അക്കാദമി സ്‌ഥാപിക്കാനും ഇവർ സമയം കണ്ടെത്തി. നാലു ഘട്ടങ്ങളിലായാണ് ഇവിടെ ഭരതനാട്യം പരിശീലിപ്പിക്കുന്നത്. കൂടെ നാട്യശാസ്ത്രങ്ങളുടെ ചരിത്രവും പ്രാധാന്യവും വിദ്യാർഥികൾക്കു പകർന്നു നൽകും. കർണാടക സംഗീതത്തിലും ഡ്രം, ഗിത്താർ എന്നിവയിലും ഇവിടെ പരിശീലനം നൽകുന്നുണ്ട്. ഇതൂ കൂടാതെയാണ് മാനസിക സമ്മർദ്ദങ്ങളും ഉത്കണ്ഠകളും നേരിടാൻ സംഗീതത്തേയും നൃത്തത്തേയും ഉപയോഗപ്പെടുത്തുന്ന ചില പ്രത്യേക കോഴ്സുകൾക്ക് ഇവർ രൂപം നൽകിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി സെൻ ബുദ്ധിസത്തിന്റെ സഹായത്തോടെ സെൻ വിത്ത് ക്രിയേറ്റിവിറ്റി യൂസിംഗ് മ്യൂസിക് ആൻഡ് ഡാൻസ് തെറാപ്പി എന്ന കോഴ്സിൽ പരിശീലനം നൽകുന്നത്.

സംഗീതംപോലെതന്നെ നൃത്തവും ആധുനിക കാലത്ത് ചികിത്സാ സംവിധാനമായി ഉപയോഗിക്കുന്നുണ്ട്. വ്യായാമമില്ലാത്ത ജീവിതശൈലി സൃഷ്ടിക്കുന്ന പൊണ്ണത്തടി, രക്‌തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്കും നൃത്തപരിശീലനം ഒരു മികച്ച ഔഷധമാണ്.

ഇത്തരം ശാസ്ത്രീയ അറിവുകളുടെ ചുവടുപിടിച്ചാണ് ലക്ഷ്മിയും തന്റെ സെൻ വിത്ത് ക്രിയേറ്റിവിറ്റി യൂസിംഗ് മ്യൂസിക് ആൻഡ് ഡാൻസ് തെറാപ്പി എന്ന കോഴ്സ് രൂപപ്പെടുത്തിയിരിക്കുന്നത്. ശാസ്ത്രം നൽകുന്ന അറിവും തന്റെ അനുഭവങ്ങൾ നൽകുന്ന തിരിച്ചറിവുകളും സംയോജിപ്പിച്ചാണ് കോട്ടയം വാകത്താനം കൊച്ചുപ്ലാപ്പറമ്പിൽ പീറ്ററിന്റേയും റേച്ചലിന്റെയും മകളായ ലക്ഷ്മി കലാരംഗത്തും ബിസിനസ് രംഗത്തും ചികിത്സാരംഗത്തും പുതിയ ചരിത്രങ്ങൾ എഴുതുന്നത്.

<ആ>റിപ്പോർട്ട്: റോജോ ജോർജ്