മാർ നിക്കോളോവോസിനു സ്വീകരണം നൽകി
Tuesday, July 12, 2016 6:09 AM IST
ന്യൂയോർക്ക്: പൗലോസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയ്ക്കുശേഷം മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രതിനിധിയായി വേൾഡ് ക്രിസ്റ്റ്യൻ കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ സഖറിയ മാർ നിക്കോളോവോസിനു സ്വീകരണം നൽകി.

മട്ടൻടൗൺ അരമന ചാപ്പലിൽ സന്ധ്യാ നമസ്കാരത്തിനുശേഷം ചേർന്ന സ്വീകരണയോഗം ഭദ്രാസന ചാൻസലർ ഫാ. തോമസ് പോളിന്റെ ആമുഖത്തോടുകൂടി ആരംഭിച്ചു. ഭദ്രാസന കൗൺസിലിനുവേണ്ടി കൗൺസിൽ അംഗം ഫിലിപ്പോസ് ഫിലിപ്പ്, ബൊക്കെ നൽകി തിരുമേനിയെ അഭിനന്ദിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. എം.കെ. കുറിയാക്കോസ്, മർത്തമറിയം സമാജത്തെ പ്രതിനിധീകരിച്ച് മേരി എണ്ണച്ചേരിൽ, ഭദ്രാസന എക്യുമെനിക്കൽ കോഓർഡിനേറ്റർ ഫാ. പൗലോസ് പീറ്റർ എന്നിവർ പ്രസംഗിച്ചു. സുബിൻ ഗാനം ആലപിച്ചു.

ഈ സ്‌ഥാനലബ്ധി തന്നെ വിനയാന്വിതനാക്കുന്നുവെന്നും ഫിലിപ്പോസ് മാർ തെയോഫിലോസും പൗലോസ് മാർ ഗ്രിഗോറിയോസും നയിച്ച വേൾഡ് ക്രിസ്റ്റ്യൻ കൗൺസിലിൽ മലങ്കരസഭയുടെ യശസ് ഉയർത്തുന്നതിനും സഭകളുടെ കൂട്ടായ്മയ്ക്കും സഹകരണത്തിനും തന്റെ കഴിവുകൾ ആവും വിധം ഉപയോഗിക്കുമെന്നും അറിയിച്ച നിക്കോളോവോസ് ഇതിനായി ഏവരുടെയും പ്രാർഥനയും അഭ്യർഥിച്ചു.

നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ കൗൺസിൽ അംഗങ്ങൾ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, വൈദികർ, അഭ്യുദയകാംക്ഷികൾ എന്നിവർ സ്വീകരണയോഗത്തിൽ സംബന്ധിച്ചു.

ജെഎഫ്കെ എയർപോർട്ടിൽ വന്നിറങ്ങിയ തിരുമേനിക്ക് ഭദ്രാസന സെക്രട്ടറിയുടെ നേതൃത്വത്തിൽ എയർപോർട്ടിലും ഹൃദ്യമായ സ്വീകരണം നൽകി.

<ആ>റിപ്പോർട്ട്: ജോർജ് തുമ്പയിൽ